പിറവം പിഒ ജംഗ്ഷനിൽ അപകടം തുടർക്കഥ
1582474
Saturday, August 9, 2025 4:33 AM IST
പിറവം: പിറവത്തെ പോസ്റ്റോഫീസ് ജംഗ്ഷൻ അപകട മേഖലയായി മാറുന്നു. കഴിഞ്ഞ ദിവസവും ഇവടെ കാറും ബൈക്കുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികൻ തെറിച്ചു വീണത് പിക്കപ്പ് വാനിന്റെ മുന്നിലേക്കാണങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വൺവേ റോഡിൽനിന്നും വന്ന കാർ തിരിഞ്ഞ് പാലത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ഒരോ അര മണിക്കൂറിലും നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അപകടങ്ങൾ നിത്യ സംഭവമാണ്.
നാലു റോഡുകൾ കൂടി ചേരുന്ന പി ഒ ജംഗ്ഷനിൽ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ചെറുതും, വലുതുമായ അപകടങ്ങൾ നടക്കുന്നുണ്ട്. ഭൂരിഭാഗവും ഭാഗ്യം കൊണ്ട് രക്ഷപെടുമ്പോൾ, ചിലർക്ക് സാരമായി പരിക്കേൽക്കാറുണ്ട്.
നാലുഭാഗങ്ങളിൽനിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് പരസ്പരം കാണാൻ സാധിക്കാതിരിക്കുകയും, സിഗ്നലുകൾ ലഭിക്കാത്തതുമാണ് പ്രധാന അപകട കാരണം. പി ഒ ജംഗ്ഷൻ മുതൽ പള്ളിക്കവലവരെ റോഡിന്റെ ഇരു ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗും അപകടവും, ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്.