ദുരിതയാത്ര : നാട്ടുകാരെ കുഴിയിലാക്കാൻ
1582473
Saturday, August 9, 2025 4:33 AM IST
മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണത്തിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മൂവാറ്റുപുഴ കാവുംപടി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം സെന്റ് മേരീസ് കപ്പേളയോട് ചേര്‍ന്നാണ് യാത്രക്കാരുടെ നടുവൊടിക്കുംവിധമുള്ള വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
നഗരത്തില്‍ ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ ഇരിക്കെ പ്രധാനമായും തൊടുപുഴ ഭാഗത്തേക്ക് ഉൾപ്പെടെ പോകേണ്ട യാത്രക്കാര്‍ ആശ്രയിക്കുന്ന കാവുംപടി റോഡിന്റെ നടുവിലായി രൂപപ്പെട്ടിരിക്കുന്ന വലിയ കുഴി യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്.
മഴ പെയ്ത് കുഴിയില്‍ വെള്ളം നിറയുന്നതോടെ വാഹനങ്ങള്‍ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. വെള്ളം നിറഞ്ഞു നില്ക്കുമ്പോള് കുഴിയുടെ വ്യാപ്തി അറിയാതെ എത്തുന്ന വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നത് പതിവായി. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും ദുരിതത്തിലായിരിക്കുന്നത്. വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് കാല്‍നട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ടാറിംഗ് ഇളകി മെറ്റിലുകള്‍ റോഡില്‍ ചിതറിക്കിടക്കുന്നതും അപകടം വരുത്തിവയ്ക്കുന്നുണ്ട്. രണ്ട് സ്കൂളുകള്‍, പോലീസ് സ്റ്റേഷന്, കോടതി സമുച്ചയം, നഗരസഭ കാര്യാലയം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാവുംപടി റോഡില്‍ ചെറുതും, വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കുഴി നികത്തി റോഡിലെ അപകടക്കെണിക്ക് പരിഹാരം കാണണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.