രണ്ടാഴ്ച മുന്‍പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നശിപ്പിച്ചു
1582476
Saturday, August 9, 2025 4:47 AM IST
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കായനാട് ഗവ. എല്‍പി സ്കൂളിന് മുന്‍ വശത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നശിപ്പിച്ചതായി പരാതി.
മദ്യപിച്ചെത്തിയ ഒരു വ്യക്തി ലൈറ്റിന്റെ മീറ്റര്‍ പിടിപ്പിച്ചിരുന്ന ഭാഗം പൊളിക്കുകയും ഇതിനോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ശിലാഫലകത്തിന്റെ ഇരുമ്പ് ഫ്രെയിം എടുത്തുകൊണ്ട് പോകുകയും ചെയ്തതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ കായനാട് ഗവ. എല്‍പി സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ താഴ് പൊളിക്കുകയും ചെയ്തിട്ടുണ്ട്.
ഇതു സംബന്ധിച്ച് മാറാടി പഞ്ചായത്ത് സെക്രട്ടറി രാമമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, കോണ്‍ഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് പി.പി. ജോളി എന്നിവര്‍ അറിയിച്ചു.