14കാരന് മുത്തശിയുടെ സുഹൃത്ത് : കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി
1582484
Saturday, August 9, 2025 4:47 AM IST
കൊച്ചി: മുത്തശിയുടെ സുഹൃത്ത് 14 വയസുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യം കഴിക്കാനും കഞ്ചാവ് വലിക്കാനും നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിയായ പ്രബി(40)നെതിരെ എറണാകുളം നോർത്ത് പേലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
നഗരത്തിലെ ഒരു സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഇര അമ്മയ്ക്കും മുത്തശിക്കുമൊപ്പം വാടക വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഒരുമിച്ചല്ല താമസിക്കുന്നത്. അമ്മ വടുതല പ്രദേശത്ത് ശുചീകരണ തൊഴിലാളിയാണ്. മുത്തശി നഗരത്തിലെ അപ്പാർട്ടുമെന്റുകളിൽ വീട്ടുജോലി ചെയ്ത് വരുന്നു.
58കാരിയായ മുത്തശിയെ, പ്രബിൻ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. 2024 ഡിസംബർ 24ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയത്ത് ഇയാൾ അവിടെയെത്തി. കുട്ടിയുടെ മുന്നിൽ വച്ച് മദ്യം കുടിച്ച ശേഷം ബട്ടൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ കത്തി വച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.
പിന്നീട് കുട്ടിയുടെ ജന്മദിനമായ കഴിഞ്ഞ ജനുവരി നാലിന് വൈകിട്ടോടെ വീട്ടിലെത്തിയ ഇയാൾ അടുക്കളയിൽ വച്ച് കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി കഞ്ചാവ് ബീഡി വലിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കുട്ടി സ്കൂളിലെ സുഹൃത്തിനോട് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്ത് സ്വന്തം അമ്മയെ വിവരം അറിയിച്ചു. ഇവരാണ് കുട്ടിയുടെ അമ്മയെ കണ്ട് വിവരം പറഞ്ഞത്.
പ്രബിനോട് ഇക്കാര്യം ചോദിച്ചപ്പോൾ അമ്മയെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർ ആദ്യം വനിതാ പോലീസ് സ്റ്റേഷനിനും പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകുകയായിരുന്നു. കുട്ടിക്ക് കൗൺസലിംഗ് നൽകി വരികയാണ് ഇപ്പോൾ.