ദീപിക കളർ ഇന്ത്യ സീസൺ 4 : വർണങ്ങളിൽ ഒന്നായി വിദ്യാലയങ്ങൾ
1582483
Saturday, August 9, 2025 4:47 AM IST
കൊച്ചി: വൈവിധ്യങ്ങൾക്കിടയിലും മതേതര, ജനാധിപത്യ ഭാരതത്തിൽ നമ്മളെല്ലാവരും ഒന്നാണെന്ന ഐക്യബോധവും അഖണ്ഡതയും ഉദ്ഘോഷിച്ച് ദീപിക കളർ ഇന്ത്യ സീസൺ 4. വരകളും വർണങ്ങളുമായി വിദ്യാലയങ്ങളിൽ ദേശസ്നേഹത്തിന്റെ ഉത്സവഛായ പകർന്ന പെയിന്റിംഗ് മത്സരത്തിൽ വിദ്യാർഥികൾ ആവേശത്തോടെയാണു പങ്കെടുത്തത്.
ഭാരതത്തിന്റെ 79-ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ദീപിക നടത്തിയ കളർ ഇന്ത്യ സീസൺ 4ന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിൽ നടന്നു. ഉമ തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
രാഷ്ട്രദീപിക ഡയറക്ടറും നൈപുണ്യ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമൺ പള്ളുപ്പെട്ട അധ്യക്ഷത വഹിച്ചു. ദീപിക ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, സ്കൂൾ പ്രിൻസിപ്പൽ ബോബി ജോസഫ്, ദീപിക സർക്കുലേഷൻ മാനേജർ ബിനോ വർഗീസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ജനറൽ ക്യാപ്റ്റൻ ഇഷ ഹക്കിം വിദ്യാർഥികൾക്കു ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എറണാകുളം ജില്ലയിലെ 700 സ്കൂളുകളിലായി എൽകെജി മുതൽ പ്ലസ്ടു വരെയുള്ള 1.20 ലക്ഷത്തോളം വിദ്യാർഥികൾ ദീപിക കളർ ഇന്ത്യ സീസൺ 4ൽ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ചു വിവിധ സ്കൂളുകളിൽ ദേശഭക്തിയുണർത്തുന്ന ഗാന, നൃത്ത അവതരണങ്ങൾ ഉണ്ടായിരുന്നു.
മാധ്യമരംഗത്തെ മാതൃക: ഉമ തോമസ് എംഎൽഎ
വിദ്യാർഥികളിൽ ദേശബോധവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനു ദീപിക നടത്തുന്ന കളർ ഇന്ത്യ മത്സരം, മാധ്യമരംഗത്തെ മാതൃകയാണെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു.
രാജ്യത്തെ അധികമായി സ്നേഹിക്കുകയും ഭരണഘടനാ മൂല്യങ്ങൾക്കു മുറിവുകളേൽക്കാതെ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട സവിശേഷ കാലഘട്ടമാണിത്.
പത്തു ലക്ഷത്തോളം വിദ്യാർഥികൾ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത് അഭിമാനം പകരുന്നതാണെന്നും എംഎൽഎ പറഞ്ഞു.