മംഗലത്തുതാഴത്ത് കലുങ്ക് പുനർനിർമാണം തുടങ്ങി
1582479
Saturday, August 9, 2025 4:47 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം - പാലാ റോഡിൽ മംഗലത്തുതാഴത്ത് തകർന്ന കലുങ്കിന്റ പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. റോഡിന്റെ പകുതി വരെയുള്ള ഭാഗത്തെ നിർമാണമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
കലുങ്കിന്റെ തകർന്ന സ്ലാബ് ബ്രേക്കറിന്റെ സഹായത്തോടെ പൊളിച്ചു നീക്കി. ഈ ഭാഗത്തെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് മറുഭാഗത്തെ നിർമാണപ്രവൃത്തികൾ ആരംഭിക്കും. 28 ദിവസത്തെ ക്യൂയറിംഗ് കാലാവധിക്ക് ശേഷമാകും നിർമാണം പൂർത്തിയാക്കുന്ന ഭാഗം ഗതാഗതത്തിന് തുറന്നു നല്കുക.
നിർമാണത്തിൽ തുടർന്നും വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രദേശവാസികളുടെ മേൽനോട്ടവും ഇവിടെയുണ്ട്. പൊളിച്ച ഭാഗത്ത് നടത്തിയ പരിശോധനയിൽ നിലവിലുണ്ടായിരുന്ന കലുങ്കിന്റെ സ്ലാബിന് അഞ്ച് ഇഞ്ച് കനം പോലും ഇല്ലായിരുന്നെന്ന് കണ്ടെത്തി.
കലുങ്ക് തകർന്ന സാഹചര്യത്തിൽ വ്യാഴാഴ്ച രാവിലെ പ്രദേശത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് തടഞ്ഞ് ഉപരോധ സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കലുങ്ക് പുനർനിർമിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഉച്ചയോടെ പ്രദേശത്ത് എൽഡിഎഫിന്റെ സൂചനാ സമരവും നടന്നു.