തെരുവുനായ നിയന്ത്രണത്തിന് പട്ടാമ്പിയിൽ സെന്റർ സ്ഥാപിക്കും
1582792
Sunday, August 10, 2025 7:48 AM IST
ഒറ്റപ്പാലം: തെരുവുനായ ജനനനിയന്ത്രണ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി കേന്ദ്രീകരിച്ച് സെന്റർ സ്ഥാപിക്കാൻ തീരുമാനം. പദ്ധതി നടപടികൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റപ്പാലത്തിന് പുറമേ പട്ടാമ്പിയിൽകൂടി സെന്റർ സ്ഥാപിക്കാൻ ധാരണയായത്. തെരുവ്നായ്ക്കളെ കൊണ്ട് വലയുന്ന പട്ടാമ്പി താലൂക്കിന് ഇത് വലിയ ആശ്വാസമാകും.
നിലവിൽ ഒറ്റപ്പാലം വെറ്ററിനറി പോളിക്ലിനിക്കിലെ എബിസി സെന്ററിലാണു പട്ടാമ്പി താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നു പിടിക്കുന്ന തെരുവുനായ്ക്കളെകൂടി ജനനനിയന്ത്രണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. പട്ടാമ്പിയിലെ എബിസി കേന്ദ്രത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. നിരീക്ഷണ കാമറ സംവിധാനം സ്ഥാപിക്കൽ പോലുള്ള ചെറിയ ചില നടപടികൾ മാത്രമാണ് അവശേഷിക്കുന്നത്. എബിസി പദ്ധതി തുടങ്ങിയ കാലം പടിഞ്ഞാറൻ മേഖലയിൽ ഒറ്റപ്പാലത്തു മാത്രമാണു സെന്ററുള്ളത്.
നിലവിൽ ഒരു ഡോക്ടർ മാത്രമുള്ള ഇവിടെ പരമാവധി 120 നായ്ക്കളെയാണു പ്രതിമാസം എബിസിക്കു വിധേയമാക്കാനാകുക. നേരത്തെ ഇവിടെ 2 ഡോക്ടർമാർ ഉണ്ടായിരുന്നപ്പോൾ ഇരട്ടി നായ്ക്കളെ എബിസിക്കു വിധേയമാക്കാൻ കഴിഞ്ഞിരുന്നു ഒരാളുടെ സേവനം മാത്രമായി മാറിയതോടെയാണു പ്രതിസന്ധി മൂർഛിച്ചത്. ഇപ്പോൾ ഇരുതാലൂക്കുകളിലും പദ്ധതി ഫലപ്രദമല്ലെന്ന പരാതി വ്യാപകമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഷികപദ്ധതികളിൽ എബിസിക്കു തുക വകയിരുത്താറുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്നാണു പരാതി.
പട്ടാമ്പി കേന്ദ്രീകരിച്ചു പുതിയ കേന്ദ്രമെന്ന ആശയം വർഷങ്ങളായി പരിഗണനയിലുണ്ടെങ്കിലും നടപ്പായിരുന്നില്ല. ഒറ്റപ്പാലത്തു നിലവിൽ 19 സെന്റ് ഭൂമിയിലെ കെട്ടിടത്തിലാണു വെറ്ററിനറി വെറ്ററിനറി പോളി ക്ലിനിക്കും എബിസി സെന്ററും പ്രവർത്തിക്കുന്നത്. ഇവിടെ സ്ഥലപരിമിതിയും ഏറെയാണ്. പട്ടാമ്പിയിൽ കൂടി സെന്റർ വരുന്നതോടുകൂടി ഒറ്റപ്പാലത്തിന്റെ ജോലിഭാരവും ലഘൂകരിക്കപ്പെടും.