കർഷകർക്ക് ഇനി സ്വന്തമായി ജീവാണുവളം നിർമിക്കാം; കൊല്ലങ്കോട്ട് പദ്ധതിക്കു തുടക്കം
1583426
Wednesday, August 13, 2025 1:28 AM IST
പാലക്കാട്: കുറഞ്ഞ ചെലവിൽ കർഷകർക്ക് സ്വന്തം കൃഷിയിടത്തിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും പോലുള്ള ജീവാണു വളങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നു.
പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലങ്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ നെൻമേനി നെല്ലുത്പാദക പാടശേഖര സമിതിയിൽ തുടക്കം കുറിച്ചു. കർഷകർക്ക് നൂറു ശതമാനം പ്രവർത്തനക്ഷമതയുള്ള ജീവാണു വളങ്ങൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഇലപ്പുള്ളി, വേരുചീയൽ, വാട്ടം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാൻ ഈ ജീവാണുക്കൾക്ക് കഴിവുണ്ട്. കൂടാതെ, മണ്ണിന്റെ പോഷകമൂല്യം വർധിപ്പിക്കാനും ഇവ സഹായകമാണ്.
നെൻമേനി വി. ചന്ദ്രന്റെ കൃഷിയിടത്തിൽ നടന്ന ജീവാണു വളപ്രയോഗത്തിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ നിർവഹിച്ചു. കൃഷി ഓഫീസർ ബി. ജ്യോതി, അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ. പ്രസാദ്, ആത്മ ബ്ലോക്ക് ടെക് നോളജി മാനേജർ എൻ.എം. അസ്ലാം എന്നിവരും പാടശേഖര സമിതി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.