കിണറ്റിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്മോർട്ടം നടത്തി
1582923
Monday, August 11, 2025 1:06 AM IST
വടക്കഞ്ചേരി: മലയോരപാത മേരിഗിരി പോത്തുചാടിയിൽ ഫോറസ്റ്റ് സ്റ്റേഷനു സമീപം തോട്ടത്തിലെ കിണറിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തിയ പുലിയുടെ ജഢം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
പത്തുവയസ് പ്രായംവരുന്ന ആൺപുലിയാണ് ചത്തതെന്നും മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റുമോർട്ടം നടത്തിയ വനംവകുപ്പിലെ സീനിയർ വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം പറഞ്ഞു.
കടുത്ത ദുർഗന്ധവുമായി ജഢം ഏറെ അഴുകിയിരുന്നു. കരക്ക് കയറ്റുന്നതിനിടെ ജഢത്തിൽ നിന്നും അസ്ഥികൂടമൊഴികെ മറ്റെല്ലാം അഴുകി വീഴുന്ന നിലയിലായിരുന്നു. ഇതിനാൽ മരണം എങ്ങനെ സംഭവിച്ചു എന്നുകണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ജഢത്തിന് 15 ദിവസത്തെ പഴക്കമുണ്ടെന്നും ഡോക്ടർ പറഞ്ഞു.
വിഷാംശമോ വെടിയേറ്റോ അല്ല മരണമുണ്ടായിട്ടുള്ളത്. കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നു ആലത്തൂർ അണക്കപ്പാറ റേഞ്ച് ഓഫീസർ എൻ. സുബൈർ പറഞ്ഞു. പോത്തുചാടിയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ എസൻസ് ഉത്പാദന യൂണിറ്റ് പ്രവർത്തിക്കുന്ന മലയോരത്തെ തോട്ടത്തിലെ വലിയ കിണറിലാണ് പുലിയുടെ അഴുകിയ ജഡം ശനിയാഴ്ച കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്താണ് ആൾമറയുള്ള ഈ കിണർ.
കിണറിൽ വീണ പുലി കരകയറാൻ ശ്രമം നടത്തിയതിന്റെ അടയാളങ്ങളും കിണറ്റിലുണ്ടെന്നു ഫോറസ്റ്റർ സലീം പറഞ്ഞു.
വന്യമൃഗങ്ങളിൽ ഷെഡ്യുൾ വണ്ണിൽപ്പെട്ട വന്യമൃഗമാണ് പുലിയെന്നതിനാൽ ഡോ. ഡേവിഡ് എബ്രഹാമിനു പുറമെ കണ്ണമ്പ്ര വെറ്ററിനറി ഡോക്ടർ ശ്രീനിവാസൻ എന്നിവരുൾപ്പെടുന്ന ആറംഗ കമ്മിറ്റിയാണ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്.
ജഢാവശിഷ്ടങ്ങൾ പിന്നീട് സമീപത്തെ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ചിതയൊരുക്കി കത്തിച്ചു.