ഷൊർണൂരിൽ ഭാരതപ്പുഴ സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
1582916
Monday, August 11, 2025 1:06 AM IST
ഷൊർണൂർ: ഭാരതപ്പുഴ സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
ഭാരതപ്പുഴയുടെ തീരത്ത് 20 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന- സൗന്ദര്യവത്കരണ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്നു നടക്കുന്നത്.
കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ചാണ് ഭാരതപ്പുഴയോരത്ത് വിനോദസഞ്ചാര സാധ്യത ലക്ഷ്യമിട്ട് പദ്ധതി തയാറാക്കിയത്. 20 കോടിരൂപയിൽ ആദ്യഘട്ടമായി അഞ്ചുകോടിരൂപയുടെ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിക്കുന്നത്.
ചെറുകിട ജലസേചനവകുപ്പിനാണ് നിർമാണ ചുമതല. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയുടെ ഒരുവശത്തുള്ള സംരക്ഷണഭിത്തി ഉയരത്തിൽ കെട്ടുകയും ഒരുവശത്ത് പൂട്ടുകട്ടകൾ വിരിച്ച നടപ്പാതകൾ നിർമിക്കുകയും ചെയ്യും.
സായാഹ്ന സവാരിക്ക് എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ ഭാരതപ്പുഴയോരത്ത് എഎംസി തിയേറ്ററും നിർമിക്കും.
അതോടൊപ്പം ശാന്തിതീരത്തിന് മുന്നിലുള്ള ശ്മശാനം കടവ് നിലവിലുള്ളത് പൊളിച്ച് പുതിയത് നിർമിക്കാനും പദ്ധതിയുണ്ട്. ഉദ്ഘാടന പരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എംപി, പി. മമ്മിക്കുട്ടി എംഎൽഎ, തുടങ്ങിയവർ പങ്കെടുക്കും.
ഭാരതപ്പുഴ സൗന്ദര്യവത്കരണം വഴി ടൂറിസം സാധ്യത കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.