കർഷകരുടെ കൊഴിഞ്ഞുപോക്ക്; ക്ഷീരസംഘങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിൽ
1583170
Tuesday, August 12, 2025 12:41 AM IST
വടക്കഞ്ചേരി: കർഷകരുടെ കൊഴിഞ്ഞുപോക്കിൽ ക്ഷീരസംഘങ്ങളുടെ നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലായി. ഉറപ്പുകൾക്കും വാഗ്ദാനങ്ങൾക്കുമപ്പുറം ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരനടപടി ആലോചിച്ചില്ലെങ്കിൽ വേനൽമാസങ്ങളോടെ ജില്ലയിലെ പല സംഘങ്ങൾക്കും പൂട്ടുവീഴും. നിലവിൽ 25ൽ കൂടുതൽ സംഘങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം മുപ്പതും നാല്പതും ലിറ്റർ മാത്രം പാൽ അളക്കുന്ന സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങൾക്ക് പിടിച്ചുനിൽക്കാനാകില്ല. ജീവനക്കാർക്ക് ശമ്പളവും മറ്റു ചെലവുകളുമായി മുന്നോട്ടുപോകില്ല. തമിഴ്നാട്ടിൽ നിന്നും പാൽ വരുന്ന ചിറ്റൂർ മേഖലയിൽ മാത്രമാണ് സംഘങ്ങൾ ശരിയാംവണ്ണം പ്രവർത്തിക്കുന്നത്. ഉത്പാദന ചെലവിനനുസരിച്ച് വരുമാനം ഇല്ലാത്തതും പുതുതലമുറക്കാരാരും ഈ രംഗത്തേക്ക് കടന്നുവരാത്തതും ക്ഷീരമേഖല നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് കണ്ണംകുളം ക്ഷീരസംഘം പ്രസിഡന്റ് വി.ജെ. ജോസഫ് പറഞ്ഞു.
ഞായറെന്നോ തിങ്കളെന്നോ വ്യത്യാസമില്ലാതെ മഴയും വെയിലും നോക്കാതെ ഉറക്കം കളഞ്ഞ് പണിയെടുത്ത് മടുക്കുന്ന കൃഷിയാണ് പശു വളർത്തലെന്ന് മൂന്നര പതിറ്റാണ്ടായി പശുക്കളെ വളർത്തി പാൽ ഉത്പാദനം നടത്തുന്ന വള്ളിയോട് മിച്ചാരംകോട്ടെ ക്ഷീരകർഷകനായ കോയു പറഞ്ഞു. വീട്ടുകാർക്ക് താത്പര്യവും കൂടുതൽ പശുക്കളെ വളർത്തുന്നതിനുള്ള സാഹചര്യങ്ങളും ഉണ്ടെങ്കിൽ പശു വളർത്തൽ നഷ്ടമില്ലാതെ കൊണ്ടുപോകാം.
എന്നാലും ഈ കുറഞ്ഞ പാൽ വിലയ്ക്ക് പശു വളർത്തൽ അധികകാലം മുന്നോട്ടു കൊണ്ടുപോകാനാകില്ല, കോയു പറയുന്നു. ക്ഷീരമേഖലയിൽ നിന്നുള്ള കർഷകരുടെ പിന്മാറ്റം ക്ഷീരസംഘങ്ങളെയും അതിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും നേരിട്ട് ബാധിക്കും. സംഘങ്ങളുടെ വലുപ്പചെറുപ്പമനുസരിച്ച് രണ്ടു മുതൽ അഞ്ചുപേർ വരെ ജീവനക്കാരുള്ള സംഘങ്ങളുണ്ട്.
കണ്ണംകുളം ക്ഷീരസംഘത്തിൽ ദിവസം 700 ലിറ്റർ പാൽ അളന്നിരുന്നത് ഇപ്പോൾ 300 ലിറ്ററിൽ താഴെയായെന്ന് ജീവനക്കാർ പറഞ്ഞു. കർഷകരുടെ എണ്ണം നൂറിൽ നിന്നും അമ്പതിലും താഴെയായി. യഥേഷ്ടം പുല്ലും മറ്റു തീറ്റകളുമായി പൊതുവെ നല്ല പാൽ ഉത്പാദനം നടക്കേണ്ട മാസങ്ങളിലാണ് ഈ സ്ഥിതി. വേനൽമാസങ്ങളോടെ നാട്ടിലെ പാൽ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകും. ഈ ക്ഷാമം മുതലെടുത്ത് കൃത്രിമ പാൽ ഒഴുകും. അതു വഴി മാറാരോഗികളാകുന്നവരുടെ എണ്ണവും പെരുകുമെന്നാണ് വിലയിരുത്തൽ.
തൊഴിലുറപ്പു പദ്ധതിയിൽ ക്ഷീരകർഷകരെ ഉൾപ്പെടുത്തി പശുവളർത്തൽ തൊഴിൽദിനങ്ങളായി കണ്ട് ക്ഷീരകർഷകരെ രക്ഷിക്കണമെന്ന് പശു വളർത്തൽ ഉൾപ്പെടെ സമ്മിശ്ര കൃഷി പ്രമുഖനായ ബേബി മുല്ലമംഗലം ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ ആകർഷകമായ പദ്ധതികൾ സർക്കാർ നടപ്പിലാക്കിയില്ലെങ്കിൽ നിലനിൽക്കുന്ന ക്ഷീരകർഷകർ കൂടി ഇല്ലാതാകും. അതു വഴി ശുദ്ധമായ പാൽ ഉത്പാദനവും നിലക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.