കാട്ടുപന്നികളുടെ എണ്ണംപെരുകി; കർഷകർക്കു ദുരിതം
1582796
Sunday, August 10, 2025 7:48 AM IST
നെന്മാറ: കാട്ടുപന്നി നിർമാർജനത്തിന് വനം വകുപ്പ് പഞ്ചായത്തുകളെ ചുമതലപ്പെടുത്തി കൈയൊഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ ഫണ്ടില്ലെന്ന പേരിൽ ഷൂട്ടർമാർക്ക് കഴിഞ്ഞ നാലുവർഷമായി വേതനം നൽകുന്നില്ല. ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാർക്ക് യാത്രചെലവ് അടക്കം സർക്കാർ നിശ്ചയിച്ചു നൽകിയ തുക 1500 രൂപയാണ്.
ജഡം സംസ്കരിക്കുന്നതിന് 2000 രൂപയും ആണ്. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് പഞ്ചായത്തുകൾക്ക് ഇതിനായി ഒരു ലക്ഷം രൂപ വരെ പ്രതി വർഷം ചെലവഴിക്കാനുള്ള അനുമതിയും നൽകിയിരുന്നു. പഞ്ചായത്തുകൾ ഫണ്ട് ലഭ്യമായില്ലെന്നും മറ്റും പറഞ്ഞ് കഴിഞ്ഞ നാലുവർഷമായി ഷൂട്ടർമാർക്ക് പ്രതിഫലം നൽകുന്നില്ല. ഇതോടെ നാട്ടിലിറങ്ങി കൃഷിനാശവും ജീവഹാനിയും വരുത്തുന്ന കാട്ടുപന്നികളെ ഒഴിവാക്കുന്നതിന് കർഷകർ പിരിവെടുത്ത് തുക സമാഹരിച്ചാണ് അംഗീകൃത ഷൂട്ടർമാർക്ക് വാഹനം ഏർപ്പാടാക്കി നൽകുന്നതും സർക്കാർ മാനദണ്ഡപ്രകാരം ജഡം സംസ്കരിക്കുന്നതിനുള്ള ചെലവും കണ്ടെത്തുന്നത്. ഇതോടെ കൃഷി സംരക്ഷണവും കാട്ടുപന്നി നിർമാർജനവും കർഷകരുടെ മാത്രം ബാധ്യതയായി. സർക്കാർ സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കാഴ്ചക്കാർ മാത്രമായി മാറി.
വനംവകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാർ കഴിഞ്ഞ നാലു വർഷത്തിനിടെ നെന്മാറ പഞ്ചായത്തിൽ 120 പന്നികളെയും അയിലൂരിൽ 70 പന്നികളെയും വെടിവെച്ചുകൊന്നെങ്കിലും പഞ്ചായത്തുകൾ തുക അനുവദിച്ചു നൽകാത്തതിനാൽ ഷൂട്ടർമാർ സേവനം നിർത്തിയിരിക്കുകയാണ്. വെടിവെക്കാൻ ഉപയോഗിക്കുന്ന നിശ്ചിതവലിപ്പമുള്ള തോക്കിൽ ഉപയോഗിക്കുന്ന തോട്ടയ്ക്ക് 200 രൂപയോളം വിലയുണ്ട്. പലപ്പോഴും ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് രണ്ടോ മൂന്നോ തോട്ട വേണ്ടിവരും. മർമ്മസ്ഥലത്ത് വെടിയേറ്റില്ലെങ്കിൽ കാട്ടുപന്നി ചാകണമെന്നും ഇല്ല. ഇത്തരത്തിലും ഷൂട്ടർമാർക്ക് തോട്ടകൾ നഷ്ടമാവാറുണ്ട്. തോക്കുടമകൾ പലപ്പോഴും രാത്രി മുഴുവൻ കാവലിരുന്നാലും ഇവരുടെ സാന്നിധ്യം അറിയുന്നതോടെ പന്നികൾ ദൂരദിക്കുകളിലേക്ക് പോകും.
ഒരു പന്നിയെ വെടിവയ്ക്കുന്നതിന് രണ്ടും മൂന്നും ദിവസം ചെലവിടേണ്ടി വരും. ഇതിനായി ഷൂട്ടർമാർക്ക് തോക്കും മറ്റ് സാമഗ്രികളുമായി വരുന്നതിന് ജീപ്പ് വാടക നൽകേണ്ടിവരും. ഇതും കർഷകർക്ക് ബാധ്യതയാണ്. ഇത്തരം ബാധ്യത ഏറ്റെടുക്കാൻ കഴിയാത്തതോടെയാണ് കാട്ടുപന്നി വെടിവയ്ക്കാൻ ഷൂട്ടർമാർ തയ്യാറാവാത്തത്. ഇതോടെ കാട്ടുപന്നികൾ പട്ടണമേഖലയിൽ പോലും സ്ഥിരമായി എത്തുന്ന സ്ഥിതിയായി.
വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ എത്രയോ ഇരട്ടിയാണ് കാട്ടുപന്നികൾ പെറ്റുപെരുകുന്നത്. കാട്ടുപന്നികളെ എലി, പെരുച്ചാഴി എന്നിവയെപ്പോലെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വിഷംവെച്ചോ കെണിവെച്ചോ കൊല്ലുന്നതിന് അനുമതി നൽകണമെന്ന ആവശ്യത്തിന് വന്യജീവി സംരക്ഷണ നിയമത്തിന്റെ മറപിടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണെന്ന് കർഷകസംഘടനകൾ പറയുന്നു.
ഇക്കാര്യത്തിൽ ഭരണകക്ഷി സംഘടനകളും സമരത്തിന് ഇറങ്ങുന്നുണ്ടെങ്കിലും കാർഷികമേഖലയ്ക്ക് ആശ്വാസമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്നില്ല. നാട്ടിൻപുറങ്ങളിൽ സ്ഥിരമായി വസിക്കുന്ന കാട്ടുപന്നികൾ തോടുകളിലും ചാലുകളിലും കാട്പിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും ഒളിച്ചുകഴിഞ്ഞാണ് ജീവിക്കുന്നത്. പുതുതലമുറയും നാട്ടിൻപുറങ്ങളിൽ തന്നെ ജനിച്ചുവളർന്നതിനാൽ ഇവയ്ക്ക് വന്യസ്വഭാവവും നഷ്ടപ്പെട്ടിരിക്കുകയാണ്.
വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ഇറങ്ങുകയും തിരിച്ച് കാടുകളിലേക്ക് തന്നെ പകൽ സമയം പ്രവേശിച്ച് വിശ്രമിക്കുന്നത്. വനമേഖലയിൽ ഇവയെ ഭക്ഷിക്കുന്ന മാംസഭുക്കുകൾ ഉള്ളതിനാൽ ഒരു പരിധിവരെ ഇവയുടെ വംശവർധനവ് തടയുന്നുണ്ട്.