ഗ്രാമീണമേഖലയിലെ 44 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
1583172
Tuesday, August 12, 2025 12:41 AM IST
ഷൊർണൂർ: കഴിഞ്ഞ മൂന്നരവർഷംകൊണ്ട് ഗ്രാമീണമേഖലയിലെ 44 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ശേഷിച്ച കുടുംബങ്ങളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
‘ഭാരതപ്പുഴയുടെ പുനരുജ്ജീവനവും സൗന്ദര്യവത്കരണവും’ പദ്ധതിയുടെ നിർമാണോദ്ഘാടനം ഷൊർണൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കർശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭൂഗർഭ ജലവിതാനം ഉയർത്തി എക്കാലത്തും വെള്ളം ലഭ്യമാകും വിധമുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. മെയിന്റനൻസ് സ്കീമിൽ ഉൾപ്പെടുത്തി ഷൊർണൂർ ത്രാങ്ങാലി അടിയണ പുനർ നിർമിക്കുന്നതിനായി റിപ്പോർട്ട് നൽകാൻ സൂപ്രണ്ടിംഗ് എൻജിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ദീർഘവീക്ഷണത്തോടെ ഷൊർണൂർ നഗരസഭ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ 2024-25 ലെ സ്പെഷൽ അസിസ്റ്റൻസ് ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ അനുവദിച്ച 4.8 കോടി രൂപ വിനിയോഗിച്ചാണ് ഭാരതപ്പുഴയുടെ പുനരുജീവനവും സൗന്ദര്യവത്കരണവും നടത്തുന്നത്. കൊച്ചിൻപാലം മുതൽ റെയിൽവേപ്പാലം വരെയാണ് ഒന്നാംഘട്ട പുനരുജീവനവും സൗന്ദര്യവത്കരണവും നടത്തുന്നത്.
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തയ്യാറാക്കിയിട്ടുള്ള ‘നിള റിവർ ഫ്രണ്ട് ഡെവലപ്മെന്റ് പ്രൊജക്ടിന്റെ നിർവഹണ ചുമതല മൈനർ ഇറിഗേഷൻ വകുപ്പിനാണ്. ഭാരതപ്പുഴയുടെ സൈഡ് സംരക്ഷണത്തിനായി കരിങ്കൽ ഭിത്തിയും ഫൗണ്ടേഷനും മുകൾഭാഗത്ത് വിവിധ അളവുകളിലുള്ള ഗാബിയോണ്, അനുബന്ധ കോണ്ക്രീറ്റ് നിർമിതികൾ എന്നിവ ഒരുക്കും.
ഭാരതപ്പുഴയുടെ നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതോടെ ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും വെള്ളപ്പൊക്കം ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും പുഴയുടെ വശങ്ങൾ സംരക്ഷിക്കുന്നതിനും സാധിക്കും. ചടങ്ങിൽ പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി.