പുഴയിലെ നീരൊഴുക്കിനു തടസമായ മാലിന്യങ്ങൾ നീക്കി
1582919
Monday, August 11, 2025 1:06 AM IST
നെന്മാറ: പുഴയിലെ നീരൊഴുക്കിനു തടസമായി പാലങ്ങളിൽ അടിഞ്ഞുകൂടിയ വസ്തുക്കൾ നീക്കി. പോത്തുണ്ടി ഡാമിൽ നിന്നും വരുന്ന പുഴയിലെ അയിലൂർ പഞ്ചായത്തിലെ പ്രധാന പാലങ്ങളിലെ തടസങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കി തുടങ്ങിയത്.
കഴിഞ്ഞദിവസം പോത്തുണ്ടി അണക്കെട്ടിൽ നിന്നും അമിതവെള്ളം തുറന്നുവിട്ടതോടെ പുഴയുടെ തീരങ്ങളിലുള്ള തോട്ടങ്ങളിലും വീടുകളിലും വെള്ളം കയറി വ്യാപകമായ നാശം ഉണ്ടായതിനെ തുടർന്നുള്ള പരാതിയെ തുടർന്നാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
തിരുവഴിയാട് പുത്തൻകടവ് പാലം, കോഴിക്കാട് പാലം, അയിലൂർ പാലം എന്നിവിടങ്ങളിലാണ് പുഴയിലെ കുത്തൊഴുക്കിൽ മുളകളും മരക്കമ്പുകളും മരങ്ങളും അടിഞ്ഞുകൂടി നീരൊഴുക്കിന് തടസമുണ്ടായത്. ഇത് ചെറിയ പാലങ്ങൾ കവിഞ്ഞൊഴുകുന്നതിനും വലിയ പാലങ്ങളിൽ ബലക്ഷയത്തിനും മണ്ണും ചളിയും അടിഞ്ഞുകൂടുന്നതിനും കാരണമായി. ഇതേ തുടർന്നാണ് മാലിന്യങ്ങളും അടിഞ്ഞുകൂടിയ പാഴ് വസ്തുക്കളും നീക്കിയത്.