ടൗൺഹാൾ നിർമാണം ഈ വർഷം പൂർത്തീകരിക്കും: എംഎൽഎ
1582802
Sunday, August 10, 2025 7:48 AM IST
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി നിർമാണം പുരോഗമിച്ച് വരുന്ന പാലക്കാട് മുൻസിപ്പൽ ടൗൺ ഹാൾ ഈ വർഷം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥലം സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിച്ചു. ആദ്യഘട്ടനിർമാണത്തിന് 3.77 കോടി രൂപ അനുവദിച്ച് നിർമാണ ചുമതല ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് നൽകി പ്രവർത്തി ആരംഭിച്ചെങ്കിലും ഒരു ഘട്ടത്തിൽ സാങ്കേതികത്വത്തിന്റെ പേരിൽ നിർമാണം മുടങ്ങിക്കിടന്നു.
ധനകാര്യവകുപ്പിൽ നിന്നും ഹാബിറ്റാറ്റ് ഗ്രൂപ്പിന് ലഭിക്കേണ്ട തുക എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന് ലഭിച്ചതിന് ശേഷമാണ് പ്രവൃത്തികൾ പുനഃരാരംഭിച്ചത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇരിപ്പിടവും സൗണ്ട് സിസ്റ്റവും വിശാലമായ പാർക്കിംഗ് സൗകര്യവും ഗാർഡനിംഗും ആകർഷണീയമായ ചുറ്റുമതിലും ഒരുക്കുന്നതിന് അധിക തുക ആവശ്യമാണെന്ന് എൻജിനീയർമാർ ആവശ്യപ്പെട്ടത് പ്രകാരം എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടിരൂപ കൂടി അനുവദിക്കുവാൻ തീരുമാനിച്ചത്.
ടൗൺഹാളിന് വേണ്ടി എംഎൽഎ ഫണ്ട് അനുവദിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന് കളക്ടർ അറിയിച്ചതിനെ തുടർന്ന് എംഎൽഎ ധനകാര്യമന്ത്രിക്ക് പ്രത്യേക അനുമതിക്കായി കത്ത് നൽകിയിട്ടുണ്ട്. ഉത്തരവ് ലഭിച്ച ഉടൻതന്നെ ഫണ്ട് കൈമാറുന്നതാണ്.
നിർമാണവുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, നഗരസഭാ സെക്രട്ടറി അൻസിൽ ഐസക്, നഗരസഭ കൗൺസിലർമാർ,ഹാബിറ്റാറ്റ് എൻജിനീയർമാർ, ആർക്കിടെക്ട് പങ്കെടുത്തു.