പഞ്ചായത്ത് നഗരപാലിക ബില്ലിൽ മാറ്റംവരുത്തണം: വി.ഡി. സതീശൻ
1582795
Sunday, August 10, 2025 7:48 AM IST
മണ്ണാർക്കാട്: പഞ്ചായത്ത് നഗരപാലിക ബില്ലിൽ കാലാനുസൃതമായ മാറ്റംവരുത്തി നാടിന്റെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കുമരംപുത്തൂർ പഞ്ചായത്ത് രണ്ടു കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ച് നാടിന്റെ വികസനത്തിന് തൊഴിലുറപ്പു പദ്ധതി വഴി പരമാവധി മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തണം. ഇരുപത്തിയഞ്ചു കൊല്ലം മുമ്പത്തെ പോലെയല്ല ഇന്ന് നാടിന്റെ വികസനത്തിനായി ജനപ്രതിനിധികളെ സമീപിക്കുന്നത് 75 ശതമാനവും സ്ത്രീകളാണ്.
നമ്മുടെ നാട്ടിലുണ്ടായ പ്രധാനമായൊരു സാമൂഹ്യമാറ്റമാണിതെന്നും ഇതിനു പ്രചോദനമായത് രാജീവ് ഗാന്ധിയുടെ പഞ്ചായത്ത് നഗരപാലികാബില്ലാണെന്നും വി.ഡി. സതീശൻ പറഞ്ഞു. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി.
സംസ്ഥാന ആസൂത്രണസമിതി മുൻഅംഗം സി.പി. ജോൺ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, റസീന വറോടൻ, സി. മുഹമ്മദ് ബഷീർ, കെ.പി.എം. സലീം, പി.എസ്. രാമചന്ദ്രൻ, കെ.പി.എസ്. പയ്യനെടം, സഹദ് അരിയൂർ, നൗഫൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ. ശിവപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് സ്വാഗതവും ടി.കെ. മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.