മംഗലംഡാമിൽനിന്ന് ഒഴുക്കുന്നത് ഒരു ഡാം നിറയാനുള്ളത്ര വെള്ളം
1582803
Sunday, August 10, 2025 7:48 AM IST
മംഗലംഡാം: കാലവർഷത്തിൽ മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കുന്നത് ഒരു ഡാം നിറയാനുള്ളത്ര വെള്ളം. ഈവർഷം ജൂൺ 16ന് തന്നെ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. സെക്കൻഡിൽ 30.2 മീറ്റർ ക്യൂബ് വെള്ളമാണ് ഷട്ടറുകൾ തുറന്നദിവസം വൃഷ്ടി പ്രദേശങ്ങളിൽ നിന്നും റിസർവോയറിലേക്ക് എത്തിയിരുന്നത്.
ജൂണിൽ ഷട്ടറുകൾ തുറന്ന് പിന്നെ അടക്കാനായിട്ടില്ല. അത്രയും വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ഇതനുസരിച്ച് ഷട്ടറുകൾ ഉയർത്തിയും താഴ്ത്തിയും ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുകയാണ്. ഒന്നാം പ്രളയവർഷമെന്ന് വിശേഷിപ്പിച്ച 2018 ൽ ജലനിരപ്പ് പരമാവധിയിലെത്തി ജൂൺ 14ന് ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി ഇതാണ് മംഗലംഡാമിന്റെ സ്ഥിതി. മിക്കവാറും വർഷങ്ങളിലും ജൂലൈ ആദ്യത്തിലും പകുതിയോടെയും ഷട്ടറുകൾ തുറക്കാറുണ്ട്. ഇങ്ങനെയൊക്കെ ജലസമൃദ്ധിയുണ്ടെങ്കിലും നല്ല വേനലുണ്ടായാൽ മംഗലംഡാം കട്ട വിണ്ട് മകരകൊയ്ത്ത് കഴിഞ്ഞ നെൽപ്പാടം പോലെയാകും. മേയ് മാസം അവസാനത്തിലും ജൂൺ ആദ്യത്തിലുമൊക്കെയായി കനത്ത കുറച്ചു മഴ ലഭിച്ചാൽ മതി ഡാം നിറയും. പിന്നെ മൂന്നുനാലു മാസങ്ങൾ ഷട്ടറുകൾ തുറന്ന് വക്കണം. അതല്ലാതെ മറ്റു വഴികളില്ല.
1956 ൽ അന്നത്തെ മദിരാശി സർക്കാർ 106 ലക്ഷം രൂപ ചെലവഴിച്ചാണ് മംഗലംഡാം നിർമിച്ചത്.ഡാം നിർമിക്കുമ്പോൾ 48.85 ചതുരശ്ര കിലോമീറ്ററാണ് ഡാമിന്റെ കാച്ച്മെന്റ് ഏരിയ. വൃഷ്ടിപ്രദേശത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഡാമുകളിൽ ഒന്നായ മംഗലംഡാമിൽ അധികജലം സംഭരിക്കുന്നതിന് നടപടികളില്ലാത്തത് വലിയ പോരായ്മയായി നില നിൽക്കുകയാണ്.
പാഴാക്കുന്ന വെള്ളം പുഴയിൽ തടഞ്ഞു നിർത്താൻ മൂന്നോ നാലോ കിലോമീറ്റർ ഇടവിട്ട് ചെക്ക്ഡാമുകൾ കെട്ടി കുറെ വെള്ളം വേനലിലേക്കായി സംഭരിക്കാൻ കഴിയും. അതുവഴി നാട്ടിലെ കിണറുകളിലും മറ്റും വെള്ളമാകും. മഴക്കാലം പിന്മാറുന്നതോടെ പുഴ വരളുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വെള്ളമെല്ലാം ഒഴുകി നഷ്ടപ്പെടുന്നു. പീച്ചിയിലുള്ള കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെഇആർഐ), ദേശീയ ഡാം പരിശോധന വിഭാഗമായ എൻസിഇഎസ്എസും രണ്ട് തവണയായി ഡാമിൽ നടത്തിയിട്ടുളള പരിശോധനയിൽ ഡാമിൽ 30 ശതമാനത്തോളം മണ്ണും മണലും ചെളിയുമായി നിറഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.
2015ൽ കെഇആർഐ മംഗലംഡാമിൽ നടത്തിയ ഹൈഡ്രോഗ്രാഫി സർവേ റിപ്പോർട്ടനുസരിച്ച് 60 വർഷം മുമ്പ് ഡാം നിർമിക്കുമ്പോൾ 25 എംഎം ക്യൂബ് കപ്പാസിറ്റി ഉണ്ടായിരുന്ന ഡാമിന് അഞ്ച് എംഎം ക്യൂബ് കുറഞ്ഞ് 20 എംഎം ക്യൂബ് കപ്പാസിറ്റിയായെന്നായിരുന്നു റിപ്പോർട്ട് . ചെറിയ ഡാം എന്ന നിലയിൽ മണ്ണിന്റെയും മണലിന്റെയും തോത് ഡാമിൽ വളരെ കൂടുതലാണെന്നും കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഡാം നിറഞ്ഞു സ്പില്വെ ഷട്ടറുകൾ തുറക്കേണ്ടി വരുന്നതും ഇതുകൊണ്ടാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു.
2015 നു ശേഷം 2018 ലും 2019ലും അതിവർഷവും തുടർന്നുള്ള പ്രളയവും ഉണ്ടായപ്പോൾ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലകളിലും വ്യാപകമായി ഉരുൾപൊട്ടലുകളുണ്ടായി. അവിടെനിന്നെല്ലാം മണ്ണും മണലും പാറകളും മരങ്ങളുമെല്ലാം ഡാമിൽ അടിഞ്ഞുകൂടി. ഇത് ഡാമിന്റെ സംഭരണശേഷി 2015ലെ പരിശോധനാ റിപ്പോർട്ടിനേക്കാൾ വീണ്ടും കുറച്ചു. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. ഇതിൽ 65 മീറ്ററാണ് സമുദ്രനിരപ്പ്. അങ്ങനെ നോക്കുമ്പോൾ 15 മീറ്റർ പോലും വെള്ളം ഡാമിൽ ഇല്ല. ഷട്ടർ ഭാഗത്താണ് ഡാമിൽ ഏറ്റവും ആഴമുള്ളത്.
ഇവിടെ 16 മീറ്റർ ആഴമുണ്ട്. 2020 ഡിസംബർ 17നാണ് ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തി തുടങ്ങിയത്.എല്ലാം നിശ്ചലമായിട്ടിപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. ഇനി റീടെൻഡർ വച്ച് പുനഃരാരംഭിക്കും എന്നൊക്കെ ഇടക്കിടെ പറയുന്നതല്ലാതെ നടപടികളിലേക്ക് കാര്യങ്ങളൊന്നും നീങ്ങുന്നില്ല. ഇതു മൂലം ഡാം ജലഉറവിടമാക്കി നടപ്പാക്കാൻ ലക്ഷ്യംവച്ച കുടിവെള്ള പദ്ധതിയും മുടങ്ങി കിടക്കുകയാണ്.