മികച്ച വിദ്യാഭ്യാസത്തിനു നല്ല ക്ലാസ് മുറികൾ അനിവാര്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1583430
Wednesday, August 13, 2025 1:28 AM IST
ചിറ്റൂർ: ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ മികച്ച ക്ലാസ് മുറികൾ അനിവാര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നെല്ലിമേട് ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. മുൻകാലങ്ങളിലെ നിർമാണ രീതികളിൽ നിന്ന് വ്യത്യസ്തമായി മികച്ച രൂപകല്പനയോടെയുള്ള ശൈലിയാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് മെംബറും കെഎസ്ഇബി സ്വതന്ത്ര ഡയറക്ടറുമായ അഡ്വ.വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആർ. ഉഷാനന്ദിനി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹസീന ഭാനു, ചിറ്റൂർ എഇഒ എസ്. രാഖി, ചിറ്റൂർ ബിപിസി എസ്. സൗദ, സ്കൂൾ പ്രധാനാധ്യാപിക ആർ. ഗുണലക്ഷ്മി, പിടിഎ പ്രസിഡന്റ് എസ്. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജെ. ഷമിം റിപ്പോർട്ട് അവതരിപ്പിച്ചു.