സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എം.ബി. രാജേഷ് പതാക ഉയർത്തും
1583432
Wednesday, August 13, 2025 1:28 AM IST
പാലക്കാട്: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി 15 ന് പാലക്കാട് കോട്ടമൈതാനിയിൽ നടക്കുന്ന പരേഡിൽ മന്ത്രി എം.ബി. രാജേഷ് ദേശീയപതാക ഉയർത്തും. പരേഡിൽ പോലീസ്, എക്സൈസ് ഉൾപ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും സിവിൽ ഡിഫൻസ്, എൻസിസി, എസ്പിസി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂണിയർ റെഡ് ക്രോസ് തുടങ്ങിയവയുടെയും 29 പ്ലറ്റൂണുകൾ അണിനിരക്കും.
തൃത്താല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് ഗോപി പരേഡ് കമാൻഡറാവും. ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്പെക്ടർ കെ.എൻ. ജയൻ സെക്കൻഡ് ഇൻ കമാൻഡറാവും. രാവിലെ 8.30ന് ആർഡിഒ കെ. മണികണ്ഠൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാവിലെ ഒന്പതിന് മന്ത്രി എം.ബി. രാജേഷ് പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
കാണിക്കമാത ഹയർ സെക്കൻഡറി സ്കൂൾ, മൂത്താൻതറ കർണകിയമ്മൻ എച്ച്എസ്എസ് എന്നീ സ്കൂളുകൾ അവതരിപ്പിക്കുന്ന ബാൻഡ് വാദ്യം, മലന്പുഴ നവോദയ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടങ്ങിയവും അരങ്ങേറും. ജില്ലയിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരേഡിൽ പങ്കെടുക്കും.
സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ഹരിതചട്ടം പാലിച്ച് പ്ലാസ്റ്റിക് പതാകകൾ പൂർണമായും ഒഴിവാക്കണമെന്നും ആഘോഷങ്ങൾ പരിസ്ഥിതി സൗഹൃദപരമായിരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.