മംഗലംഡാം റിസർവോയറിലെ മണ്ണുനീക്കൽ തടസപ്പെട്ട് മൂന്നുവർഷം
1583433
Wednesday, August 13, 2025 1:28 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മണ്ണും മണലും നീക്കംചെയ്യൽ പദ്ധതി പാതിവഴിയിൽ നിലച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഇനിയുമായില്ല. വൈകാതെ പണിതുടങ്ങും എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതെല്ലാം ഇനി പണികൾ ആരംഭിച്ചാലെ ഉറപ്പിക്കാനാകൂ എന്നാണ് നാട്ടുകാർ പറയുന്നത്.
വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും കടുത്ത അവഗണനയാണ് ഡാമിന്. കാടുമൂടിയ പ്രദേശമായി ഉദ്യാനങ്ങളെല്ലാം. മണ്ണെടുക്കൽ പ്രവൃത്തി വൈകുന്നതുമൂലം ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയും അവതാളത്തിലാണ്. കോടികൾ മുടക്കി വീടുകളിലേക്കു വരെ പൈപ്പിടൽ നടത്തിയ കുടിവെള്ള പദ്ധതിയാണ് അനിശ്ചിതത്വത്തിലായിട്ടുള്ളത്.
ഡാമിലെ ജലസംഭരണം വർധിപ്പിക്കാൻ ലക്ഷ്യം വച്ചായിരുന്നു കൊട്ടിഘോഷിച്ച് 2020 ഡിസംബറിൽ സംസ്ഥാനത്ത് തന്നെ ആദ്യ പൈലറ്റ് പദ്ധതിയായി ഡാമിൽ മണ്ണെടുപ്പ് തുടങ്ങിയത്. തുടക്കത്തിൽ നല്ല രീതിയിൽ നടന്നെങ്കിലും വൈകാതെ എല്ലാം താളംതെറ്റി നിലച്ചു. കൂടുതൽ ജലസംഭരണത്തിലൂടെ മാത്രമെ ഡാമിൽ കുടിവെള്ളപദ്ധതിക്ക് വെള്ളമുണ്ടാകൂ.
അതല്ലെങ്കിൽ രണ്ടാംവിള നെൽകൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാണ്. 2018 ജൂലൈയിൽ നിർമാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടലും പ്രധാന ടാങ്ക് നിർമാണവും പൂർത്തിയായി. ഡാമിൽ നക്ഷത്രബംഗ്ലാകുന്നിൽ ജലസംഭരണികളുടെയും ജല ശുദ്ധീകരണശാല കളുടെയും പണികൾ അന്തിമഘട്ടത്തിലുമാണ്.
മംഗലംഡാം ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്ത് സമീപ പഞ്ചായത്തുകളായ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനുള്ളതാണ് പദ്ധതി.
95 കോടി രൂപയാണ് പദ്ധതിക്കായി ഇപ്പോൾ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ
പൂർത്തിയാകുമ്പോൾ 140 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മംഗലംഡാം റിസർവോയറാണ് പദ്ധതിയുടെ ജലസ്രോതസ്. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമിൽ നിന്നും പമ്പ് ചെയ്യണം. മഴക്കാലമാസങ്ങളിലും ഡിസംബർ വരേ യും ഇത് സാധ്യമാകും. രണ്ടാംവിള നെൽകൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടെത്തേണ്ടതുണ്ട്.
മഴക്കാലത്ത് ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാക്കുന്നത് തടയാനായാൽ ഈ പദ്ധതികളെല്ലാം വിജയകരമാകും. ഇതിന് ഡാമിന്റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. ഡാമിന്റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ളപദ്ധതി വിജയിക്കില്ല. വെള്ളം ഒഴുകാതെ പഞ്ചായത്തുകളിലെല്ലാം കുഴിച്ചിടുന്ന പൈപ്പുകളുടെ ചൂടുകൂടി ഇനി സഹിക്കേണ്ടിവരുമെന്നാണ് ജനങ്ങൾ പറയുന്നത്.