ഓലകരിച്ചിൽ വ്യാപകം; മരുന്നുതളിച്ചിട്ടും ഫലമില്ലെന്നു കർഷകർ
1583173
Tuesday, August 12, 2025 12:41 AM IST
നെന്മാറ: നെൽപ്പാടങ്ങളിൽ ഓലകരിച്ചിൽ വ്യാപിക്കുന്നു. കൃഷി വിദഗ്ധർ നിർദേശിച്ച മരുന്നുതളിച്ചിട്ടും ഫലം കാണുന്നില്ലെന്ന് കർഷകർ. കൈപ്പഞ്ചേരി, തിരുവഴിയാട് പുഴപ്പാലം മേഖലയിലെ നെൽപ്പാടങ്ങളിൽ രണ്ടുതവണ പ്രതിരോധമരുന്ന് തളിച്ചിട്ടും ഫലം കണ്ടിട്ടില്ല. രണ്ടുമാസത്തോളം പ്രായമായ നെൽച്ചെടികളിലെ വലിപ്പം കൂടിയ ഓലകളാണ് മുകൾഭാഗത്തുനിന്നും വൈക്കോൽ രൂപത്തിൽ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നത്.
ഇതോടെ നെൽച്ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നതായി ഇടിയംപൊറ്റയിലെ കർഷകനായ മുരളീധരൻ പറഞ്ഞു. പ്രത്യേകതരം ഫംഗസും വൈറസുമാണ് രോഗകാരണമെന്ന് പറയുന്നുണ്ടെങ്കിലും പ്രതിവിധിയായി തളിച്ച മരുന്നുകൾ ഏൽക്കുന്നില്ല. ചില കർഷകർ കൃഷി വിദഗ്ധർ നിർദേശിച്ച രീതിയിൽ നെല്പാടങ്ങളിലെ വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ കിഴി കെട്ടിയിട്ടിട്ടും ഫലം കാണുന്നില്ലെന്ന് പറയുന്നു.
നെന്മാറ കൃഷിഭവൻ പരിധിയിലെ കൽമുക്ക്, കൈപ്പഞ്ചേരി, അയിലൂർ കൃഷിഭവൻ പരിധിയിൽ തിരുവഴിയാട് പുഴപ്പാലം ഭാഗങ്ങളിലാണ് വ്യാപകമായി ഓലകരിച്ചിൽ ബാധിച്ചിട്ടുള്ളത്. ഓല കരിച്ചിലിന് പ്രതിവിധിയായി ഒരേക്കറിന് മരുന്ന് തളിക്കാൻ 2200 രൂപയോളം ചിലവ് വരുന്നുണ്ടെന്ന് കർഷകനായ മുരളീധരൻ പറഞ്ഞു.
മുൻവർഷങ്ങളിൽ മരുന്നുതളിച്ചാൽ രണ്ടാഴ്ച കഴിയുമ്പോൾ രോഗം മാറി പുതിയ ഓലകൾ വരാറുള്ളതാണ്. ഈ വർഷം കാലാവസ്ഥയിലെ മാറ്റം മൂലം അമിതമഴയാണ് രോഗം കൂടുതൽ പടരാൻ ഇടയാക്കിയതെന്ന് കാർഷിക വിദഗ്ധർ പറയുന്നു.
മഴവെള്ളത്തിന്റെ കൂടെ ലഭിക്കുന്ന നൈട്രജനും യൂറിയയിലൂടെ നൽകിയ നൈട്രജനും അമിതമായി സസ്യങ്ങളിൽ പ്രതിപ്രവർത്തനം നടത്തിയതാണ് രോഗ കാരണമെന്ന് പറയുന്നു. ചെടികളുടെ വളർച്ച മുരടിച്ചതോടെ ഉത്പാദനത്തിലും കുറവ് വരാനിടയുണ്ടെന്ന് ആശങ്കയിലാണ് കർഷകർ.
കാർഷികമേഖലയിലെ മറ്റു പഞ്ചായത്തുകളിൽ നിന്നും നെൽച്ചെടികൾക്ക് ഓലകരിച്ചിൽ വ്യാപകമെന്ന് റിപ്പോർട്ടുണ്ട്.