മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പദയാത്ര
1582800
Sunday, August 10, 2025 7:48 AM IST
പാലക്കാട്: രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിമ്പന്റെ ഇരുപത്തിയെട്ടാം ചരമവാർഷികം 23 ന് ആചരിക്കുന്നതിന് ഒരുക്കമായി നാലാമത് മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പദയാത്ര നടത്തി.
പാലക്കാട് കെഎസ്ആർടിസിക്ക് എതിർവശമുള്ള സാൻജോ ടവർ പരിസരത്തുനിന്നും ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിലേക്കായിരുന്നു പദയാത്ര. ഫാ. റോയി കുളത്തിങ്കൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. റാലി കത്തീഡ്രലിൽ എത്തിയശേഷം ഫാ. ജോസ് കണ്ണന്പുഴ മാർ ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു.
മാർ ഇരിമ്പന്റെ കല്ലറയിൽ പ്രത്യേക പ്രാർഥനകളും നടന്നു. രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ, രൂപത പിആർഒ ഫാ. റെജി മാത്യു പെരുമ്പിള്ളിൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജെയിംസ് ചക്യത്ത്, ഫാ. തോമസ് വടക്കുംചേരി, ഫാ. ബെറ്റ്സൺ തുക്കുപറന്പിൽ, ഫാ. സുമേഷ് നാൽപതാംകളം, സംഘടനാ ഡയറക്ടർമാരായ ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ജോബിൻ മേലേമുറിയിൽ, ഫാ. ബിജു കല്ലിങ്കൽ, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ലിവിൻ ചുങ്കത്ത് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.