ചിറ്റൂർപ്പുഴയിലെ മുങ്ങിമരണങ്ങൾ തടയാൻ പോലീസും ജലസേചനവകുപ്പും മുൻകരുതൽ സ്വീകരിക്കണം
1582801
Sunday, August 10, 2025 7:48 AM IST
ചിറ്റൂർ: ചിറ്റൂർപ്പുഴയിൽ മുങ്ങിമരണങ്ങളും അപകടങ്ങളും തുടർക്കഥയാകുന്നതിനാൽ ബന്ധപ്പെട്ട ജലസേചന വകുപ്പ് അധികൃതരും പോലീസും മൗനം വെടിഞ്ഞ് പരിഹാരനടപടികൾക്ക് മുന്നോട്ടുവരണമെന്ന് ആവശ്യം. മുങ്ങിമരണങ്ങൾ ഉണ്ടാവുമ്പോൾ സംഭവസ്ഥലത്തെത്തി നിയമനടപടികളിൽ മാത്രം ഒതുങ്ങാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആറിൽ കൂടുതൽ മരണങ്ങൾ നടന്നുകഴിഞ്ഞു. ചിറ്റൂർ ഫയർ ഫോഴ്സ് ജീവനക്കാർ ജീവൻ പണയം വെച്ച് കൂടുതൽ പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് കോയമ്പത്തൂർ ഭാഗത്തുനിന്നും വിനോദയാത്രയ്ക്ക് കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ സംഘം ചേർന്ന് എത്തുന്നത് അനുദിനം കൂടിവരികയാണ്.
തമിഴ്നാട്ടിൽ നിന്നും എത്തുന്നവർ പുഴയിലെ ഗർത്തങ്ങളൊ ഒഴുക്കിന്റെ ശക്തിയോ അറിയാതെയാണ് പുഴയിൽ ഇറങ്ങുന്നത്. പുഴക്കരയിലുള്ളവർ വിലക്കിയാൽ പോലും ഇത്തരത്തിലെത്തുന്ന സംഘങ്ങൾ അവഗണി ക്കുകയാണ്. അടിയന്തരമായി ആലുംകടവ് , വിളയോടി, ശോകനാശിനി , പറ്റക്കളം, മൂലത്തറ നിലമ്പതികൾ, വെങ്കലക്കയം, കമ്പാലത്തറ ഏരി എന്നിവിടങ്ങളിൽ കുളിക്കാനോ ഇതര ആവശ്യങ്ങൾക്കോ ഇറങ്ങാതിരിക്കാൻ പോലീസും ജലസേചനവകുപ്പും പരസ്യ ബോർഡുകൾ സ്ഥാപിക്കണം. ഇതിൽ മുന്പ് മുങ്ങിമരണപ്പെട്ടവരുടെ വിവരങ്ങളും രേഖപ്പെടുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
പത്തുവർഷംമുന്പ് കമ്പാലത്തറ ഏരിയിൽ കോയമ്പത്തൂർ സ്വദേശികളായ അഞ്ചുപേർ കൂട്ടത്തോടെ മുങ്ങിയ അപകടം നടന്നിരുന്നു. ആലാംകടവിൽ പുഴയുടെ മധ്യഭാഗത്തിൽ അകപ്പെട്ട മൂന്ന് എട്ടാംതരം വിദ്യാർഥികൾക്ക് പുനർജന്മം ലഭിച്ചത് അഗ്നിരക്ഷാ സേനയുടെ സാഹസ പരിശ്രമത്തിലായിരുന്നു.