കേരള പോലീസിനെ ജനസൗഹൃദമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
1583429
Wednesday, August 13, 2025 1:28 AM IST
പാലക്കാട്: കേരള പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും ജനസൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒറ്റപ്പാലം പോലീസ് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് കോന്പൗണ്ടിൽ പുതിയതായി നിർമിച്ച യുഎസ്ക്യു ക്വാർട്ടേഴ്സ്, ചിറ്റൂർ പോലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും കൊപ്പം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഒന്‍പത് വർഷക്കാലമായി പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഇപ്പോൾ പരാതിയുമായി എത്തുന്നവർക്ക് ഇരിപ്പിടസൗകര്യവും സഹായത്തിനായി ഹെൽപ്പ്ഡെസ്കും ലഭ്യമാണ്. ചിറ്റൂർ പോലീസ് ക്വാർട്ടേഴ്സ് കെട്ടിട ഉദ്ഘാടനചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. ഒറ്റപ്പാലം യുഎസ്ക്യു ക്വാർട്ടേഴ്സ് കെട്ടിട ഉദ്ഘാടന ചടങ്ങിൽ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊപ്പം പോലീസ് സ്റ്റേഷൻ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി.