വടക്കഞ്ചേരി മേൽപ്പാലത്തിലും മംഗലംപാലം ബൈപാസ് ജംഗ്ഷനിലും ഓട്ടയടയ്ക്കൽ ഒരുപോലെ
1583171
Tuesday, August 12, 2025 12:41 AM IST
വടക്കഞ്ചേരി: ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ നടക്കുന്ന കുത്തിപ്പൊളിക്കൽപോലെയാണ് മംഗലംപാലത്തിനടുത്ത് ബൈപാസ് ജംഗ്ഷനിലെ ഓട്ടയടയ്ക്കലും. ഇവിടെ എത്രതവണ ഓട്ടയടച്ചു എന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഫയലുകളിൽപോലും ഉണ്ടാകില്ല. അത്രയേറെ തവണ ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഒന്നിനും നിലനിൽപ്പില്ലെന്നു മാത്രം.
ഈ മഴക്കാലത്തുതന്നെ പലതവണ കുഴിയടയ്ക്കൽ നടത്തി. കഴിഞ്ഞദിവസവും ഓട്ടയടയ്ക്കൽ ആഘോഷമായി നടന്നു. വേനൽമാസങ്ങളിൽ ഇവിടെ കോൺക്രീറ്റ് ചെയ്യും. തൊട്ടുപിന്നാലെ ടാറിംഗ് നടത്തും. പിന്നെയും കോൺക്രീറ്റിംഗ് അങ്ങനെ മാറിമാറി എത്ര തവണ. ഒരു തവണ വാഹനങ്ങളെല്ലാം തിരിച്ചുവിട്ടാണ് കാൽകോടിയുടെ കോൺക്രീറ്റിംഗ് നടത്തിയത്. പുതിയ ഓട്ടയടക്കലിന് എത്ര ദിവസം ആയുസുണ്ടാകും എന്ന് കാത്തിരുന്ന് കാണാമെന്നാണ് വാഹനയാത്രക്കാരുടെ പരിഹാസം.
വടക്കഞ്ചേരിയിലെ മേൽപ്പാലം തുറന്നുകൊടുത്ത് മൂന്നുവർഷത്തിനിടെ അമ്പതിലേറെ തവണ പാലം കുത്തിപ്പൊളിച്ച് റിപ്പയർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇപ്പോഴും കുത്തിപ്പൊളിക്കൽ നടക്കുകയാണ്. ഇത് എത്രാമത്തെ തവണയാണ് കുത്തിപ്പൊളിക്കുന്നത് എന്ന് കരാറുകാരോട് ചോദിച്ചാൽ അവർ ചിരിക്കുകയേ ഉള്ളു. അവർക്കും കൃത്യമായ കണക്ക് പറയാൻ നാണക്കേടാവുകയാണ്.