"ബ്രിഡ്ജ്'- അട്ടപ്പാടിയിലെ നിശബ്ദ വിപ്ലവം
1583425
Wednesday, August 13, 2025 1:28 AM IST
എം.വി. വസന്ത്
പാലക്കാട്: പ്രതീക്ഷയുടെ പൂക്കാലമാണ് അട്ടപ്പാടിയിൽ. ഈ പൊൻവസന്തം കൊഴിയരുത്. ആദിവാസി ഉന്നതികൾ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പാതകളിൽ എത്തിനിൽക്കുകയാണ്. കാലം ഇനി ഇവർക്കുംകൂടി വഴിമാറും.
വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നു എല്ലാവരും തിരിച്ചറിഞ്ഞതോടെയാണ് ഈ നിശബ്ദവിപ്ലവം അട്ടപ്പാടിയിൽ യാഥാർഥ്യമായത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനു വലിയൊരു ശതമാനം ശമനമായപ്പോൾ അട്ടപ്പാടിയിൽ പുതുവസന്തം വിരിയുകയാണ്. ഉന്നതികളിൽനിന്ന് ഉന്നതങ്ങളിലേക്ക് എന്നതായി ഓരോ കുരുന്നുകളിലും വിരിയുന്ന പ്രതീക്ഷകൾ...
ഒത്തൊരുമയിൽ വിരിഞ്ഞത്
വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനമില്ലായ്മയ്ക്കു പഴികേട്ട നാടാണ് അട്ടപ്പാടി. ഇന്നതിനു മാറ്റംവന്നു തുടങ്ങി. ആദിവാസി വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസരംഗത്തു ചുവടുറപ്പിച്ചതോടെയാണ് ഈമാറ്റം ദൃശ്യമായിത്തുടങ്ങിയത്. പഠനം പാതിവഴിയിൽ നിർത്തി വിദ്യാഭ്യാസ മേഖലയിൽനിന്നും കൊഴിഞ്ഞുപോയിരുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു.
വിവിധ പദ്ധതികളിലൂടെ സർക്കാർ നല്ലൊരു ശതമാനം കുട്ടികളെയും സ്കൂളുകളിൽ തിരിച്ചെത്തിച്ചു. ഫലപ്രദമായ ഇടപെടലുകൾ പലഭാഗത്തു നിന്നുമുണ്ടായി. സത്യത്തിൽ കൂട്ടായ്മയുടെ വിജയമായിരുന്നു കൊഴിഞ്ഞുപോക്കുതടയൽ. വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധസംഘടനകളും അധ്യാപകരും വിദ്യാർഥികളും അമ്മമാരും അടക്കം എല്ലാവരും കൈയ്യടി അർഹിക്കുന്ന നേട്ടം. ഏകോപനമില്ലായ്മ എന്ന സ്ഥിരംപല്ലവിക്കു അട്ടപ്പാടിക്കാരുടെ ബദൽമറുപടി കൂടിയായിരുന്നു ഈ നേട്ടം.
ഇറങ്ങിച്ചെന്ന് കുടുംബശ്രീ
അട്ടപ്പാടിയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങളെ പടിക്കുപുറത്താക്കാൻ കുടുംബശ്രീയുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലാണെന്നു വിശേഷിപ്പിക്കാം.
പ്രത്യേക പദ്ധതികളിലൂടെ കുടുംബശ്രീ ജില്ലാ മിഷൻ അട്ടപ്പാടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പട്ടികവർഗ വിദ്യാർഥികളുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമായിത്തുടങ്ങി. ബ്രിഡ്ജ് പോലുള്ള പദ്ധതികൾ സജീവമായി തുടരുന്പോൾ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കെന്ന മാരകമായ സാമൂഹ്യവിപത്തിനാണ് തടയിടാനായത്. ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചതിനുശേഷം ആദിവാസി ഊരുകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഉന്നതിയിലേക്കൊരു പാലം
വിദ്യാലയങ്ങളുമായും ഭാഷയുമായും പൊരുത്തപ്പെടാൻ ആദിവാസി വിഭാഗത്തിലെ വിദ്യാർഥികൾ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനു പരിഹാരമെന്ന നിലയിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഊരുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് വിദ്യാഭ്യാസ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനായി ഊരുകളിലെ തന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ തെരഞ്ഞെടുത്ത് ഊരുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എന്ന രീതിയിൽ ക്ലാസുകൾ നടത്തിയാണ് ബ്രിഡ്ജ് കോഴ്സിന്റെ ആരംഭം. സ്കൂളുകളിൽ എടുക്കുന്ന പാഠഭാഗങ്ങൾ അവരുടെ ഭാഷയിലും പറഞ്ഞുകൊടുത്ത് അവരെ പഠനത്തിൽ കൂടുതൽ താത്പര്യമുള്ളവരാക്കി മാറ്റാൻ ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. സ്കൂളിൽ പോകാതിരുന്നിരുന്ന വിദ്യാർഥികളെയും ബ്രിഡ്ജ് പദ്ധതി മാപ്പിംഗിലൂടെ സ്കൂളുകളിൽ എത്തിക്കാൻ സാധിച്ചു.
പൂജ്യത്തിലേക്കൊരു പോരാട്ടം
കൊഴിഞ്ഞുപോക്കിന്റെ ശതമാനം പൂജ്യത്തിലെത്തിക്കുക എന്നതു തന്നെയാണ് ബ്രിഡ്ജ് കോഴ്സിന്റെ പ്രധാന ദൗത്യം. കഴിഞ്ഞ മൂന്നുവർഷത്തെ കുടുംബശ്രീ മിഷൻ ബ്രിഡ്ജ് പദ്ധതിയുടെ കണക്കുകൾ ഇതു വിളിച്ചുപറയുന്നു.
നിലവിൽ 60 ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലായി 962 വിദ്യാർഥികളാണ് ട്യൂഷനും പ്രത്യേക പരിശീലനവും നേടുന്നത്. 2024-25 കാലയളവിൽ 63 സെന്ററുകളിലായി 940 വിദ്യാർഥികളും 2023-24 കാലയളവിൽ 80 സെന്ററുകളിലായി 1008 വിദ്യാർഥികളുമാണുണ്ടായിരുന്നത്. വർഷങ്ങൾ പിന്നിടുന്പോൾ ബ്രിഡ്ജ് കോഴ്സ് കുട്ടികൾ കുറയുന്നതു പരാജയമല്ല, കുട്ടികൾ സ്കൂളുകളിൽ തിരിച്ചെത്തിയെന്നും കൊഴിഞ്ഞുപോക്ക് കുറഞ്ഞെന്നതിന്റെയും സൂചനയാണ്.
കൊഴിഞ്ഞുപോക്ക് തടഞ്ഞ വിദ്യാർഥിക്കൂട്ടായ്മ
സഹവിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ വിദ്യാർഥികളുടെ ശ്രദ്ധേയമായ ഇടപെടലുകളെക്കുറിച്ച് ഓർമിച്ചെടുക്കുകയാണ് അന്നത്തെ സ്കൂൾ വിദ്യാർഥിയും നിലവിൽ അട്ടപ്പാടി രാജീവ്ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജ് ബിഎ ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥിയായ എസ്. അനന്ദു.
2021- 22 കാലയളവിൽ അഗളി സ്കൂളിൽ പഠിക്കുമ്പോളാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും പ്രവർത്തനങ്ങളിൽ ഭാഗമായത്. ഈ സമയത്ത് അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ഉന്നതികൾ കേന്ദ്രീകരിച്ച് ഇലക്്ഷൻ ബോധവത്കരണവും മറ്റും നടത്തിവരുന്ന സമയത്താണ് സമപ്രായക്കാരായ പഠിപ്പുമുടങ്ങിയ വിദ്യാർഥികളെ കാണാനിടയാവുന്നത്.
സ്കൂളിൽ പോകാത്തതിന്റെ കാരണം അന്വേഷിക്കുകയും സ്കൂളിൽ പോകാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. പലരും കാരണംപോലും പറയാൻ മടിച്ചു. വിവരം സ്കൂളിലെ ക്ലബുകളുടെ ചുമതലയുള്ള സത്യൻ മാഷിനെ അറിയിച്ചു. അദ്ദേഹം ഈ വിദ്യാർഥികളെ നേരിൽകണ്ടു സ്ഥിതിഗതികൾ മനസിലാക്കി. വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ച പ്രകാരം ഗുണകരമായ നടപടികളുമുണ്ടായി. ഏതാനും ദിവസങ്ങൾക്കുശേഷം ആ കുട്ടികൾ വീണ്ടും ഞങ്ങൾക്കൊപ്പം സ്കൂളിൽ പഠനം പുനഃരാരംഭിച്ചു.
പിന്നീട് വിവിധ ഊരുകളിൽ പഠിപ്പുമുടങ്ങിയ കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ക്ലബുകൾ തുടർന്നു. ഹോസ്റ്റൽ സൗകര്യമുള്ള സ്കൂളുകളെക്കുറിച്ച് ഇത്തരം കുട്ടികളിൽ ബോധവത്കരണം നടത്താനും കഴിഞ്ഞു. അപരനെ അവനവനായി കാണുക എന്നതാണ് വിദ്യാഭ്യാസമെന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു ഇതെന്നു അനന്ദു പറഞ്ഞു.