‘പുതുജീവനി’ൽ വെള്ളിങ്കിരിക്ക് ഇനി പുതുജീവൻ
1583174
Tuesday, August 12, 2025 12:42 AM IST
അഗളി: പ്രായാധിക്യവും രോഗവും കീഴടക്കി ജീവിതം വഴിമുട്ടി കഴിഞ്ഞിരുന്ന അഗളി ലക്ഷംവീട് കോളനിയിലെ വെള്ളിങ്കിരി എന്ന 65 കാരൻ ജെല്ലിപ്പാറ പുതുജീവൻ അഗതിന്ദിരത്തിൽ പുതിയ അതിഥിയായെത്തി.
ഇടതുവശം തളർന്ന് പരിചരിക്കാൻ ആളില്ലാതെ അതീവദുരിതത്തിൽ കഴിഞ്ഞിരുന്ന വെള്ളിങ്കിരിയെ പഞ്ചായത്തംഗം കെ.ടി. ബെന്നിയുടെ നിർദേശപ്രകാരം ബന്ധുക്കൾ പുതുജീവനിൽ എത്തിക്കുകയായിരുന്നു.
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന 20 പേരും പരിചാരകരും ഉൾപ്പെടെ 27 പേരാണ് പുതുജീവനിൽ ഉള്ളത്. നിരാലംബരായ ജീവിതം വഴിമുട്ടിനിൽക്കുന്നവർക്ക് അഭയകേന്ദ്രമാണ് ജെല്ലിപ്പാറയിലെ പുതുജീവൻ. പുതുതായി ജെല്ലിപ്പാറയിലേക്ക് എത്തിയ വെള്ളിങ്കിരിയെ പുതുജീവൻ ഡയറക്ടർ ഫാ. ഫെബിൻ ചെറുകുന്നേൽ, ആശ്രമം സുപ്പീരിയർ ജിമ്മി ആഞ്ഞിലിത്തോപ്പിൽ, അന്തേവാസികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുതുജീവനിലെ സ്നേഹാദരവുകളോടെയുള്ള സ്വീകരണവും പരിചരണങ്ങളും വെള്ളിങ്കിരിക്ക് നവ്യാനുഭവമായി.
അഗതി ശുശ്രൂഷകൾക്കൊപ്പം പാലിയേറ്റീവ്, ആംബുലൻസ് പ്രവർത്തനങ്ങളും പുതുജീവനിൽ സജീവമാണ്.