ഇടവഴി കാടുമൂടി ലഹരിവസ്തു വില്പനക്കാരുടെ താവളമായി മാറി
1582793
Sunday, August 10, 2025 7:48 AM IST
വടക്കഞ്ചേരി: ടൗണിൽ സുനിതമുക്കിൽനിന്നും ഗ്രാമം, കമ്മാന്തറ ഭാഗത്തേക്കുള്ള ഇടവഴി ലഹരിവസ്തു വില്പനക്കാരുടെയും മദ്യപസംഘങ്ങളുടെയും താവളമായി മാറി. ഇരുഭാഗത്തും കാടുപിടിച്ചു കിടക്കുന്ന വഴിയിലാണ് രാസലഹരി വസ്തുക്കളുടെ വില്പന തകൃതിയായി നടക്കുന്നത്.
വാഹനങ്ങൾ പോകാത്ത വഴിയായതിനാൽ പോലീസിന്റെ കണ്ണിലും ഈ രഹസ്യവഴി പെടുന്നില്ല. വൈകുന്നേരമായാൽ മദ്യപസംഘങ്ങളും ഉണ്ടാകും. ഇതിനിടയിലൂടെവേണം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കടന്നു പോകാൻ. എളുപ്പവഴി എന്ന നിലയിൽ സ്കൂൾ കുട്ടികളും ഈ ഇടവഴിയിലൂടെയാണ് നടന്നുപോവുക. മാലിന്യങ്ങൾ കവറുകളിലാക്കിയും മറ്റും വലിച്ചെറിയുന്നതും കാടുമൂടിയ വഴിയിലാണ്.
മാലിന്യനിക്ഷേപം ശിക്ഷാർഹമാണ് എന്നൊക്കെയുള്ള പഞ്ചായത്തിന്റെ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വള്ളിപ്പടർപ്പുകൾ മൂടി ബോർഡിലെ അക്ഷരങ്ങൾ കാണാത്ത സ്ഥിതിയായി. കാടുപിടിച്ച് പാമ്പുകളും ഇവിടെ കുറവല്ല. പാമ്പുകടിയേറ്റ് ഒരു സ്ത്രീ മരിക്കാനിടയായ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ടൗണിൽതന്നെ ഇത്തരത്തിൽ കാടുമൂടികിടക്കുന്ന പ്രദേശമുള്ളതിനാൽ കൊതുകുകൂട്ടങ്ങളുമുണ്ട്.
വഴി വൃത്തിയാക്കി കാമറ സ്ഥാപിച്ച് സാമൂഹ്യവിരുദ്ധരെ പിടികൂടും നടപടിയെടുക്കും എന്നൊക്കെ പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും എല്ലാം വാക്കുകളിലൊതുങ്ങി. നടപടി വൈകിയാൽ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഗുരു അറിയിച്ചു.