‘കൊക്കൂണ്‍ 2025’ കോണ്‍ഫറന്‍സ് അടുത്ത മാസം 10 മുതൽ കൊച്ചിയിൽ
Monday, September 15, 2025 5:55 AM IST
കൊച്ചി: സൈബര്‍ സുരക്ഷയുടെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ‘കൊക്കൂണ്‍ 2025’ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 10നും 11നും കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കോണ്‍ഫറന്‍സിനു മുന്നോടിയായി ഏഴു മുതല്‍ ഒന്‍പതു വരെ സൈബര്‍ സുരക്ഷാരംഗത്തെ വിദഗ്ധര്‍ നടത്തുന്ന പരിശീലനപരിപാടികള്‍ നടക്കും.
ലോകത്തു സൈബര്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുവേണ്ടി കര്‍മപദ്ധതി നടപ്പാക്കും. ഇതിനായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സൈബര്‍ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ പത്തു ദിവസത്തെ പരിശീലനം നല്‍കും.
കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമണങ്ങളും ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബിലൂടെയുമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുവേണ്ടിയുള്ള ടൂള്‍ കോണ്‍ഫറന്‍സില്‍ പുറത്തിറക്കും.