സര്‍ക്കാര്‍ കണ്ണു തുറന്നു; അടച്ചുപൂട്ടിയ ക്ഷീരസൊസൈറ്റിക്ക് ഒടുവിൽ മോചനം
സിജോ പൈനാടത്ത്
Monday, September 15, 2025 6:14 AM IST
കൊച്ചി: ""ഇതാ ഞങ്ങള്‍ വീണ്ടും തുറക്കുന്നു, ക്ഷീരസൊസൈറ്റി പുനരാരംഭിക്കുന്നു.., ഇതു ക്ഷീരകര്‍ഷകരുടെ വിജയം...’’
ഇന്നലെ രാവിലെ ആലങ്ങാട് കൊങ്ങോര്‍പിള്ളി റസിഡന്റ്സ് അസോസിയേഷന് (കെകെആര്എ) ക്ഷീര സൊസൈറ്റിയുടെ ഷട്ടര്‍ ഉയര്‍ത്തിയ ശേഷം പ്രസിഡന്റ് പോളി പുതുശേരി ചുറ്റുമുണ്ടായിരുന്നവരോട് ഇങ്ങനെ പറഞ്ഞു. ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെത്തി നിര്‍ത്തിയ സൊസൈറ്റിയിലെ പാല് സംഭരണവും വിതരണവും ഏതാനും ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം പുനരാരംഭിച്ചു.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിനടുത്ത് കരിങ്ങാംതുരുത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെകെആര്എ ക്ഷീര സൊസൈറ്റി, റസിഡന്റ്സ് അസോസിയേഷനില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാല് ശേഖരിച്ച്, അര ലിറ്റര്‍ പാക്കറ്റുകളിലാക്കിയാണു വിതരണം ചെയ്തിരുന്നത്. വിതരണം ചെയ്യുന്ന പാക്കറ്റില്‍ എംആര്‍പിയും പാക്കിംഗ് തീയതിയും രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞ ദിവസം ക്ഷീരസംഘം ലീഗല്‍ മെട്രോളജി അധികൃതരെത്തി സൊസൈറ്റി അടച്ചുപൂട്ടിയത്. 90,000 രൂപ പിഴയടയ്ക്കാനും ഉദ്യോഗസ്ഥര്‍ സൊസൈറ്റി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ദീപികയില്‍ പ്രസിദ്ധീകരിച്ചുവന്ന "ക്ഷീണിക്കുന്ന ക്ഷീരകര്‍ഷകര്‍’ എന്ന പരമ്പരയില്‍ കഴിഞ്ഞ 12നു പ്രസിദ്ധീകരിച്ച നാലാമത്തെ അധ്യായത്തിലൂടെ (കര്‍ഷകന്റെ കണ്ണീര് ആരു കാണും?) ഇക്കാര്യങ്ങള്‍ ചിത്രംസഹിതം ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചിരുന്ന സൊസൈറ്റിക്കുനേരേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി, പരമ്പരയിലെ അധ്യായമുള്പ്പെടെ സൊസൈറ്റി ഭാരവാഹികള്‍ മന്ത്രി പി. രാജീവിന്റെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു, സൊസൈറ്റി തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാമെന്നറിയിച്ചു. വൈകാതെ ജില്ലാ കളക്ടറേറ്റില്‍നിന്ന് സൊസൈറ്റിക്ക് അനുകൂലമായ അറിയിപ്പെത്തിയതോടെയാണ് ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
തത്കാലം പാക്കറ്റുകള്‍ ഒഴിവാക്കി കുപ്പികളിലാകും പാല് വിതരണമെന്നു പോളി പുതുശേരി അറിയിച്ചു. ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്നതിനു സര്‍ക്കാരിനോടും ദീപികയോടും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.