പിഎസ്സി കോഴ: പുതിയ തലത്തിലേക്ക്
Sunday, July 14, 2024 12:51 AM IST
കോഴിക്കോട്:പിഎസ്സി കോഴ വിവാദം പരമാവധി നീട്ടികൊണ്ടുപോയി തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ തിരിച്ചടിയേറ്റ് സിപിഎം.
പാര്‍ട്ടി ജില്ലാഘടകത്തിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള പ്രമോദ് കോട്ടുളിയെ കടുത്ത നടപടിയില്‍ നിന്നും രക്ഷിക്കാന്‍ അവസാന നിമിഷം വരെയും സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചുവെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ടി.പി. രാമകൃഷ്ണന്റെയും ശക്തമായ നിലപാട് തിരിച്ചടിയായി.
നിലവിലെ സാഹചര്യത്തില്‍ എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് പറഞ്ഞ് കൈകഴുകാനാവില്ലെന്ന നിലപാടായിരുന്നു ഇവരുടേത്.
അതേസമയം നടപടിക്ക് ശേഷം പാര്‍ട്ടിക്കെതിരേ ചോദ്യങ്ങളുമായി പ്രമോദ് എത്തിയതോടെ വിവാദം പുതിയതലത്തിലെത്തി.
പാര്‍ട്ടിയിലെ മറ്റൊരാളുടെ പേര് പ്രമോദ് പറഞ്ഞാല്‍ ആരോപണം വഴിമാറും. പാര്‍ട്ടിയില്‍നിന്നും നടപടി നേരിട്ട് ഉടന്‍ തന്നെ പരസ്യമായി പ്രമോദ് രംഗത്തെത്തിയത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായി.
ഇനി എതുരീതിയില്‍ തുടര്‍ ദിവസങ്ങളില്‍ വിവാദം കൈകാര്യം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി എന്നു ഒറ്റവരിയില്‍ വാര്‍ത്താ കുറിപ്പിറക്കി രക്ഷപ്പെടുകയായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി.