അങ്കണവാടി വിദ്യാർഥിക്ക് അധ്യാപികയുടെ മർദനം
1594888
Friday, September 26, 2025 6:14 AM IST
മുഖത്തടിയേറ്റത് രണ്ടേമുക്കാൽ വയസുകാരിക്ക്
മലയിൻകീഴ്/നേമം: അങ്കണവാടിയിൽ രണ്ടേമുക്കാൽ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി. ബുധനാഴ്ച ഉച്ചയോടെ പള്ളിച്ചൽ പഞ്ചായത്ത് പറമ്പിക്കോണം 105-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം.
മൊട്ടമൂട് പറമ്പിക്കോണം സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനെയാണ് അങ്കണവാടി അധ്യാപിക മലയിൻകീഴ് മലയം സ്വദേശിനി പുഷ്പകല മുഖത്തടിച്ചു പരിക്കേൽപ്പിച്ചത്. പിതാവാണ് സാധാരണ കുഞ്ഞിനെ അങ്കണവാടിയിൽനിന്നു വിളിക്കാനായി സ്ഥിരമായി പോയിരുന്നത്. പതിവു പോലെ കഴിഞ്ഞദിവസവും അങ്കണവാടിയിൽനിന്നു കുട്ടിയെ കൂട്ടികൊണ്ടു പോയിരുന്നു.
എന്നാൽ കുട്ടിക്ക് ഉന്മേഷക്കുറവ് അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ കാര്യം തിരക്കുക യായാരുന്നു. തുടർന്ന് കുട്ടി അധ്യാപിക മുഖത്തടിച്ചതായി പറഞ്ഞത്. ഇതുകൂടാതെ കുഞ്ഞിനൊപ്പം അങ്കണവാടിയിൽ പോകുന്ന ഇവരുടെ ബന്ധുക്കളായ കുട്ടികളോടും പ്രവീൺ വിവരം തിരക്കി. ഇവരും അധ്യാപിക മർദിച്ചുവെന്ന വിവരം വ്യക്തമാക്കി.
തുടർന്നുള്ള പരിശോധനയിലാണു കുഞ്ഞിന്റെ മുഖത്തു കൈവിരലുകൾ പതിഞ്ഞതിന്റെ പാടുകൾ കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ കുഞ്ഞിനേയുംകൊണ്ട് തൈക്കാട് ആശുപത്രിയിലെത്തി പരിശോധന നടത്തി. ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
സ്വമേധയാ കേസെടുത്ത സിഡബ്ള്യുസി അന്വേഷണവിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇന്നലെയും കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു പരിശോധനക്കു വിധേയമാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ വീട്ടിലെത്തി വിവരശേഖരണം നടത്തി.