തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയിൽ തീർഥാടന തിരുനാൾ: വിശ്വാസ പ്രഘോഷണയാത്ര നടന്നു
1594895
Friday, September 26, 2025 6:14 AM IST
കാട്ടാക്കട: വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തില്‍ സ്ഥാപിതമായ തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയുടെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു തുടക്കമായി. ഒക്ടോബർ അഞ്ചിനാണു സമാപനം.
തിരുനാളിനു തുടക്കംകുറിച്ച് 100 കൊച്ചുത്രേസ്യമാരുടെ വിശ്വാസ പ്രഘോഷണയാത്ര നടന്നു. രണ്ടു വയസുകാരി മുതല്‍ 25 വയസുകാരിവരെയുളള കുട്ടികള്‍ കൊച്ചുത്രേസ്യയുടെ വേഷം ധരിച്ച് വിശ്വാസ പ്രഘോഷണ യാത്രയില്‍ പങ്കു ചേര്‍ന്നു. സെന്റിനറി എക്സ്പോ, ആരോഗ്യ ക്യാന്പുകള്‍, സമ്മേളനങ്ങള്‍, വിളംബര യാത്ര എന്നിവ തീര്‍ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ജന്മനാടായ ലിസ്യുവില്നിന്നു കൊണ്ടുവരുന്ന തിരുസ്വരൂപത്തിനു സ്വീകരണവും ഉണ്ടാവും. 29 മുതല്‍ തൂങ്ങാംപാറ ബൈബിള്‍ കണ്‍വന്‍ഷനിൽ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പ്രസംഗിക്കും.
ഒക്ടോബര്‍ ഒന്നിനു രാവിലെ ഒന്പതിനു ലിറ്റില്‍ ഫ്ലവര്‍ സെന്റിനറി എക്സ്പോ. തീര്‍ഥാടന ജൂബിലി ദിനമായ അഞ്ചിനു രാവിലെ 10ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത സഹായ മെത്രാന് റവ. ഡോ. ഡി. സെല്വരാജന് കാര്‍മികനാകും. സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.