കോട്ടയ്ക്കകത്തെ ബാറിലെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍
1594900
Friday, September 26, 2025 6:27 AM IST
പേരൂര്‍ക്കട: ബാറിലെ ആക്രമണവുമായി ബന്ധപ്പെട്ടു മൂന്നുപേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. കരമന സോമന് നഗര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ മണികണ്ഠന് (21), നെടുങ്കാട് പള്ളിത്താനം രഞ്ജിത്ത് കുമാര്‍ (21), കരമന അനുനഗര് ടി.സി 21/752 (1)-ല്‍ വിശേഷ് (24) എന്നിവരാണ് പിടിയിലായത്.
സെപ്തംബര്‍ 20നു രാത്രി കോട്ടയ്ക്കകത്തെ രാജധാനി ബാറിലായിരുന്നു സംഭവം. മൂന്നംഗസംഘം ബാറില്‍ ഉണ്ടായിരുന്ന മുട്ടത്തറ കുര്യാത്തി എംഎസ്കെ നഗര്‍ സ്വദേശി പ്രസാദിന്റെ മകന് സൂര്യപ്രസാദു (26) മായി വാക്കുതര്‍ക്കമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. വിശേഷ് തന്റെ കൈവശമിരുന്ന ബിയര്‍ കുപ്പി ഉപയോഗിച്ച് സൂര്യപ്രസാദിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.
മറ്റുള്ളവര്‍ ചേർന്നു സൂര്യപ്രസാദിനെ കഴുത്തിലും തലയിലും ഇടിച്ചു പരിക്കേല്‍പ്പിച്ചു. പ്രതികള്‍ തന്നെയും തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായത്. പരിക്കേറ്റ സൂര്യപ്രസാദ് ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സ തേടി.
ഫോര്‍ട്ട് സിഐ വി.ആര്. ശിവകുമാറും സംഘവും അന്വേഷണം പൂര്‍ത്തീകരിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.