പരിശോധനകൾ കുറഞ്ഞു : മാറനല്ലൂർ പഞ്ചായത്തിൽ മണ്ണിടിച്ചു കടത്തൽ വ്യാപകം
1594898
Friday, September 26, 2025 6:27 AM IST
മാറനല്ലൂർ: പരിശോധനകൾ കുറഞ്ഞതോടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭൂമാഫിയകളുടെ നേതൃത്വത്തിൽ മണ്ണിടിച്ചുകടത്തൽ വ്യാപകമാകുന്നു. ഏലാ പ്രദേശത്തിനടുത്തുള്ള കുന്നിൻപ്രദേശങ്ങൾ കുറഞ്ഞവിലയ്ക്കു വാങ്ങിയശേഷം മണ്ണുമാറ്റി പ്ലോട്ടുകളാക്കി ഉയർന്നവിലയ്ക്കാണ് വിൽക്കുന്നത്.
വീടുവെക്കാൻ മണ്ണുമാറ്റുന്നതിനു നേരത്തേ ജിയോളജി വകുപ്പ്, വില്ലേജ് അധികൃതർ എന്നിവരിൽനിന്ന് അനുമതി വാങ്ങണമായിരുന്നു. എന്നാൽ, ഇപ്പോൾ പഞ്ചായത്തിൽനിന്നുള്ള അനുമതി മതി. വീടിനായി നിശ്ചിത മീറ്റർ ദൂരമാണ് മണ്ണുനീക്കാൻ അനുമതി നൽകുന്നത്. മണ്ണ് പുറത്തു കൊണ്ടുപോകാൻ അനുമതിയില്ല. എന്നാൽ ഈ അനുമതിയുടെ മറവിൽ ലോഡുകണക്കിനു മണ്ണാണ് പുറത്തേക്കു കൊണ്ടുപോകുന്നത്.
ലോഡ് ഒന്നിന് 2000 മുതൽ 2500 വരെയാണ് വില. മണ്ണു നീക്കംചെയ്യുന്നതുകാരണം സമീപത്തെ ജലസ്രോതസുകൾ നഷ്ടപ്പെടുമെന്നാണ് നാട്ടുകാരുടെ പരാതി. മാറനല്ലൂർ കവലയ്ക്കുസമീപം പ്ലോട്ടുകളാക്കി വിൽപ്പന നടത്തുന്ന പ്രദേശത്തും മണ്ണുകടത്തുന്നതു പതിവാണ്.
പഞ്ചായത്ത് ഓഫീസിനു സമീപത്തായാണ് മണ്ണ് കടത്തുന്നതെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. അടുത്തിടെ ഈ പ്രദേശത്ത് മണ്ണു നീക്കംചെയ്തതിനെത്തുടർന്നു സമീപത്തെ വീടിന്റെ മതിൽ തകർന്നിരുന്നു. വീട്ടുടമ പരാതിപ്പെട്ടതിനെത്തുടർന്ന് ജിയോളജിവകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചിരുന്നു. തുടർന്ന് പ്രദേശത്തുനിന്നു മണ്ണുനീക്കൽ നിർത്തണമെന്ന് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
അവധിദിവസങ്ങളിലാണ് മണ്ണിടിപ്പ് കൂടുതലായി നടക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന്റെ അവധിക്കും രണ്ടാം ശനിയാഴ്ചയുടെ തലേന്നാളുമാണ് മണ്ണിടിച്ചുമാറ്റിയത്. ടിപ്പർ ലോറികളിൽ രാത്രികളിലും പുലർച്ചെയുമാണ് മണ്ണുകടത്തുന്നത്. മണ്ണുകടത്തൽ വ്യാപകമായെങ്കിലും പോലീസോ പഞ്ചായത്തോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രദേശത്തെ സംഘടനകളെയോ, നാട്ടുകാരെയോ ഉൾപ്പെടുത്തി യോഗം വിളിക്കാൻ പോലും പോലീസ് തയാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മോഷണത്തിനുപിന്നാലെ മണ്ണും, കല്ലും കടത്തുന്നതും പഞ്ചായത്തിൽ പതിവായിട്ടുണ്ട്. പഞ്ചായത്തിന്റെ ഇടറോഡുകൾവഴി രാത്രികാലങ്ങളിലാണ് ടിപ്പർ ലോറികളുടെ സഞ്ചാരം.
മാറനല്ലൂർ പഞ്ചായത്ത് ഓഫീസിനും പോലീസ് സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന പാറമടയിൽ അടുത്തിടെ ഖനനം നിർത്തിവെക്കുകയുണ്ടായി. അനുവദിച്ച പ്രദേശത്തേക്കാൾ കൂടുതൽ ഭാഗം ഖനനംചെയ്തുമാറ്റിയെന്ന കാരണത്താലാണ് പാറഖനനം നിർത്തിവെച്ചത്. ഇതിന് ഉടമയ്ക്ക് വലിയ പിഴയും ചുമത്തിയിരുന്നു. പരിശോധന കർശനമല്ലാത്തതിനാൽ നിരോധനിത മേഖലകളിൽ പോലും ഖനനം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.