സ്വദേശാഭിമാനിയുടെ നാടുകടത്തലിന് 115 വര്‍ഷം
1594889
Friday, September 26, 2025 6:14 AM IST
നെയ്യാറ്റിന്‍കര: തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ നാടുകടത്തല്‍ ഇതുപോലൊരു കന്നി പത്തിനായിരുന്നു അഥവാ സെപ്തംബര്‍ 26ന്. 115 വര്‍ഷം തികയുന്പോള്‍ കലണ്ടറില്‍ കന്നി പത്തും സെപ്തംബര്‍ 26 ഉം ഒരേ നാളില്‍..! നിറവേറ്റപ്പെടാത്ത നിരവധി വാഗ്ദാനങ്ങളുടെ സ്മരണയിലാണ് ഇപ്രാവശ്യവും നാടുകടത്തല്‍ വാര്‍ഷികം എന്നത് മലയാളത്തിന്റെ സ്വന്തം ആജീവനാന്ത പത്രാധിപരോടുള്ള കടുത്ത അവഗണനയുടെ അടയാളമെന്ന് ആക്ഷേപം.
"ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന് ഉദ്ഘോഷിച്ച നെയ്യാറ്റിന്‍കരയുടെ അക്ഷരക്കരുത്തായ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയ്ക്ക് അര്‍ഹമായ സ്മാരകം ഇനിയും യാഥാര്‍ഥ്യമാകാത്ത വാഗ്ദാനം.
1910 സെപ്തംബര്‍ 26 (കന്നി പത്ത്) നാണ് സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റര്‍ നെയ്യാറ്റിന്‍കര സ്വദേശി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്നും രാജശാ സന പ്രകാരം നാടുകടത്തിയത്. അന്നത്തെ തിരുവിതാംകൂര്‍ അതിര്‍ത്തിയായ ആരല്‍വായ്മൊഴിക്ക് അപ്പുറത്തേയ്ക്ക് അദ്ദേഹം നാടുകടത്തപ്പെട്ടപ്പോള്‍ വിജയിച്ചതു ദിവാന് രാജഗോപാലാചാരിയുടെയും കൂട്ടരുടെയും ഗൂഢാലോചനയായിരുന്നു.
അഴിമതിക്കും അനീതിക്കുമെതിരേ അക്ഷരം ആയുധമാക്കിയ രാമകൃഷ്ണപിള്ള വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിലൂടെ ശക്തമായ ഭാഷയില്‍ മുഖപ്രസംഗം എഴുതിയതാണ് ദിവാനെയും കൂട്ടരെയും ചൊടിപ്പിച്ചത്. മലയാള മാധ്യമപ്രവര്‍ത്തന രംഗത്തെ സംബന്ധിച്ചിടത്തോളം കുലപതിയായി വാഴ്ത്തപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ അന്തിമനാളുകള്‍ കണ്ണൂരിലെ പയ്യന്പലത്തായിരുന്നു.
വൃത്താന്ത പത്രപ്രവര്‍ത്തനം അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഭാഷാപണ്ഡിതനുമായിരുന്നു സ്വദേശാഭിമാനി. സാങ്കേതിക വിദ്യയും ആശയവിനിമയ സംവിധാനങ്ങളുമൊന്നും അത്രകണ്ട് വിപുലമല്ലാതിരുന്ന കാലത്തും മഹാത്മാ ഗാന്ധിയെയും കാറല്‍ മാര്‍ക്സിനെയും മലയാളത്തില്‍ ആദ്യമായി പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയതിന്റെ ഖ്യാതിയും രാമകൃഷ്ണപിള്ളയ്ക്ക് തന്നെ.
ജന്മനാടായ നെയ്യാറ്റിന്‍കരയിലും കര്‍മരംഗമായിരുന്ന തിരുവനന്തപുരത്തും ഓരോ അര്‍ധകായ പ്രതിമകളുണ്ടെന്നല്ലാതെ, പ്രോജ്വലമായ ആ പോരാട്ടജീവിതത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന വിധത്തില്‍ യാതൊന്നുമില്ല. പുതുതലമുറയിലെ മാധ്യമവിദ്യാര്‍ഥികള്‍ക്കും ഈ രംഗവുമായി ബന്ധപ്പെട്ട ഗവേഷകര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ പഠനഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പലപ്പോഴായി ഉയരുകയും പരിഗണിക്കാെന്ന് ജനപ്രതിനിധികള്‍ പ്രതികരിക്കുകയും ചെയ്തിട്ടുള്ളത് മാത്രം മിച്ചം.
നാടുകടത്തല്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നതും കേട്ടുകേള്‍വിയായി.