വൈഎംസിഎയുടെ ജീവനധാര പദ്ധതി തുടങ്ങി
1594899
Friday, September 26, 2025 6:27 AM IST
തിരുവനന്തപുരം: വൈഎംസിഎയുടെ സാമൂഹിക സേവന വകുപ്പ്, ജൂബിലി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയായ "ജീവനധാര"യുടെ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് നിർവഹിച്ചു.
കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി 20,000 രൂപയുടെ ആദ്യഗഡു, ജൂബിലി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ. ഡോ. ലെനിൻ രാജിനു കൈമാറി. വൈഎംസിഎ ദേശീയ കൗൺസിലിന്റെ ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ പിന്തുണയോടെയാണ് ജീവനധാര പദ്ധതി നടപ്പിലാക്കുന്നത്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വൈഎംസിഐ കുടുംബാംഗങ്ങളെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. സ്വദേശി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ഗാന്ധിയൻ പുസ്തകങ്ങളുടെ പുതിയ പതിപ്പ്, വൈഎംസിഐ ലൈബ്രറിക്ക് കൈമാറി. വൈഎംസിഐ പ്രസിഡന്റ് അഡ്വ. ഇടക്കുള സക്കറിയ, വൈസ് പ്രസിഡന്റ് ബെൻസി വി. തോമസ്, ഡോ. ആർതർ ജേക്കബ്, ജനറൽ സെക്രട്ടറി ബിറ്റി കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ജീവനധാര പദ്ധതിയുടെ ഗുണഭോക്താക്കളാകുവാൻ ആഗ്രഹിക്കുന്ന നിർധനരായ വൃക്ക രോഗികൾ 6238804192 എന്ന നമ്പരിൽ വൈഎംസിഐ ഓഫീസുമായി ബന്ധപ്പെടുക.