ഇരിക്കൂർ എഇ ഓഫീസ് പുതിയ കെട്ടിടത്തിലേക്കുമാറ്റി
1569507
Sunday, June 22, 2025 7:40 AM IST
ഇരിക്കൂർ: ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് നാടിന് സമർപ്പിച്ചു. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച കെട്ടിടത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
ഇരിക്കൂർ ടൗണിൽ സംസ്ഥാന പാതയോരത്തിലെ വാടകക്കെട്ടിടത്തിൽ കടമുറികളുടെ മുകളിൽ രണ്ടാംനിലയിലായി തീരെ സൗകര്യമില്ലാതെയാണ് ഓഫീസ് ദീർഘകാലം പ്രവർത്തിച്ചത്. എഇഒ ഓഫീസിന് 40 ലക്ഷം അനുവദിച്ചെങ്കിലും സ്ഥലം കിട്ടിയില്ല. ഒടുവിൽ ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ 10 ഏക്കർ സ്ഥലത്തുനിന്ന് 35 സെന്റ് സ്ഥലം അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു.
തത്കാലം ഒഴിവുള്ള കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ ജനകീയ സമിതിയും ജില്ലാ പഞ്ചായത്തും തീരുമാനിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ കവാടത്തിന്റെ അടുത്തുള്ള ഇരുനില കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. നിലവിലെ ഓഫീസിലെ ഫയലുകളും ഫർണിച്ചറും മാറ്റിസ്ഥാപിച്ച് കെട്ടിടം നവീകരിച്ചു.
ചടങ്ങിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.വി.എൻ. യാസിറ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ. സുലൈഖ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.സി. നസിയത്ത്, സ്കൂൾ പ്രിൻസിപ്പൽ സി. റീന, മുഖ്യാധ്യാപകൻ പി.പി.അഷറഫ്, വിവിധ സംഘടനാ നേതാക്കളായ മടവൂർ അബ്ദുൾഖാദർ, ഇ.വി. സന്തോഷ് കുമാർ,സോജൻ ജോർജ്, കെ.കെ. കുഞ്ഞിമായൻ എന്നിവരും വിവിധ അധ്യാപക സംഘടനാ നേതാക്കളും പങ്കെടുത്തു.