അന്താരാഷ്ട്ര യോഗ ദിനാചരണം: "യോഗ ഏക ഭൂമിക്ക് ഏകാരോഗ്യത്തിന് '
1569510
Sunday, June 22, 2025 7:40 AM IST
കണ്ണൂർ: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിച്ചു. യോഗയുടെ ദര്‍ശനകളും അനുശാസനങ്ങളും ഉള്‍ക്കൊണ്ട് അതിനെ ഒരു കലയായി സ്വീകരിച്ച് ജീവിതചര്യയായി കാണണമെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, എഡിഎം കല ഭാസ്കര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് എന്നിവര്‍ നാഷണല്‍ ആയുഷ് മിഷന് യോഗാ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം യോഗയില്‍ പങ്കാളികളായി.
സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന് കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രാമന്തളി സ്വദേശി ശ്രീലക്ഷ്മി സാജന്, നാഷണല്‍ ആയുഷ് മിഷന് യോഗാ ഇന്‍സ്ട്രക്ടര്‍ എന്നിവരുടെ യോഗാ ഡാന്‍സ് അരങ്ങേറി. "യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം.
ജില്ലാ ഭരണകൂടത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പയ്യാമ്പലം ബീച്ചില്‍ യോഗ സംഗമം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി. അജിത്കുമാര്‍ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ബീച്ച് പരിസരത്ത് തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. മട്ടന്നൂര്‍ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച യോഗ ഡാന്‍സും അരങ്ങേറി.
തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ നേതൃത്വത്തില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന യോഗ ദിനാചരണം തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത ഉദ്ഘാടനം ചെയ്തു. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ ശ്രീജ വിവേക് അധ്യക്ഷത വഹിച്ചു. ജില്ലാ യോഗ ടീച്ചേഴ്സ് അസോസിയേഷന് സെക്രട്ടറി എം. രാമചന്ദ്രന്, ധര്‍മടം ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി എം. പ്രദീപ് എന്നിവർ ക്ലാസെടുത്തു.
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ എൻഎസ്എസ് യൂണിറ്റ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐക്യുഎസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗ ദിനാചാരണം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സിനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാർഥി പ്രതിനിധി ക്രിസ്റ്റീൻ ജോസ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാർഥികളായ കെ. മാളവിക, അനശ്വര മുരളീധരൻ എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലക പി. യമുന വിദ്യാർഥികൾക്ക് യോഗ ക്ലാസ് നൽകി.
ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയം, ചേതന യോഗ ഏരുവേശി മേഖലാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ഏരുവേശി പഞ്ചായത്തംഗം എം.ഡി. രാധാമണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം. നാരായണൻ അധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ട്രർ കെ.കെ. രമ്യ, ചേതന യോഗ ഏരിയാ സെക്രട്ടറി ഒ. സന്തോഷ്, വനിതാവേദി കൺവീനർ പി.കെ.വി. മഞ്ജുള, എം. സന്തോഷ്കുമാർ, ഇ.പി. ബാലകൃഷ്ണൻ, പി.എസ്. രജീഷ്, എം.സി. അഭിലാഷ്, കെ. അക്ഷയ് എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: വിവേകാനന്ദ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യോഗ ദിനാചരണം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ വിദ്യാപീഠം സെക്രട്ടറി കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിൻസ് മാത്യു, എം.സി. രജനി, കെ. സതീശൻ എന്നിവർ പ്രസംഗിച്ചു.
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്ത്, സർക്കാർ ആയൂര്‍വേദ ഡിസ്പെന്‍സറി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗ ദിനാചരണം ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലനവും ബോധവത്കരണ ക്ലാസും നടന്നു. ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ശ്രീകല ക്ലാസിന് നേതൃത്വം നല്കി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.കെ. സുലൈഖ അധ്യക്ഷയായി. ഡോ. പ്രീഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, ഹെഡ് നഴ്സ് അരുണിമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെയും യോഗ പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന യോഗ ദിനാചരണം ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറുപുഴ യോഗ പഠനകേന്ദ്രത്തിന്റെ 35-ാമത് വാർഷികാഘോഷവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടന്നു. വായനശാലാ പ്രസിഡന്റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.കെ. കുഞ്ഞികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുപുഴ നവജ്യോതി കോളജ് ഡയറക്ടർ ഫാ. സിജോയ് പോൾ, ചെറുപുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുനിൽ ഗോപി, ഡോ. കെ. ദാമോദരൻ, ആർ.കെ. പദ്മനാഭൻ, കെ.കെ. സുരേഷ്കുമാർ, ഒ.ജെ. വിൻസന്റ്, ജയൻ പെരിങ്ങാല, മാത്യു മുകുളേൽ എന്നിവർ പ്രസംഗിച്ചു.