ശ്രീകണ്ഠപുരം-നടുവിൽ റോഡ് നിർമാണം വേഗത്തിലാക്കണം: സജീവ് ജോസഫ് എംഎൽഎ
1569013
Saturday, June 21, 2025 1:44 AM IST
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം-നടുവിൽ റോഡ് പണി വേഗത്തിലാക്കി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കും നിർദേശം നൽകി. പ്രസ്തുത റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട അവലോകന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പള്ളം പാലത്തിന്റെ അപ്രോച്ച് റോഡ് പണി വേഗത്തിലാക്കാനും കൊക്കായി പാലം സമാന്തര റോഡ് കോൺക്രീറ്റ് ചെയ്ത് ഉടൻ ഗതാഗതയോഗ്യമാക്കാനും കൊട്ടൂർവയൽ ഭാഗത്തെ യാത്രാക്ലേശം പരിഹരിക്കാനും എംഎൽഎ നിർദേശിച്ചു. കൊക്കായി ബൈപാസ് റോഡും പള്ളം-കട്ടായി, ചെമ്പന്തൊട്ടി-കട്ടായി, നെടിയങ്ങ-കട്ടായി, നെടിയങ്ങ എകെജി, സ്വാമിമഠം സർവീസ് റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കാനും ചെമ്പന്തൊട്ടി ടൗണിൽ പൂർണമായി സ്ലാബുകളിട്ട് ഡ്രെയ്നേജിന്റെ പണി പൂർത്തീകരിക്കാനും കരയത്തുംചാൽ റോഡ് ആരംഭത്തിലെ ഇരുവശത്തെയും പണികൾ പൂർത്തിയാക്കാനും കമ്മിറ്റി നിർദേശിച്ചു.
നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, കെ.സി. ജോസഫ്, കൗൺസിലർമാരായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കെ.വി. കുഞ്ഞിരാമൻ, എക്സിക്യുട്ടീവ് എൻജിനിയർ സജിത്ത്, ടി.കെ. പ്രകാശൻ, ജിയോ ജേക്കബ്, വർഗീസ് വയലാമണ്ണിൽ, കെ.എം. ഷംസീർ, ബിനു ഇലവുങ്കൽ, ബെന്നറ്റ് വട്ടക്കുഴി, ജോർജ് ആലപ്പാട്, ജോണി പെരുമ്പള്ളിൽ, ആർ. ശശിധരൻ, ജോസ് മാളക്കാരൻ, ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികളായ ശിഹാബ്, ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.