വണ്ണായിക്കടവ് വലിയ പാലം അതിജീവിക്കുമോ ഇൗ മഴക്കാലം
1568220
Wednesday, June 18, 2025 1:54 AM IST
പൈസക്കരി: പതിവായി വെള്ളം കയറി അപകടാവസ്ഥയിലായ പയ്യാവൂർ പഞ്ചായത്തിലെ വണ്ണായി ക്കടവ് പാലം ഇനിയൊരു പ്രളയത്തെ അതിജീവിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. എല്ലാ വർഷവും വെള്ളത്തിനടിയിലാകുന്ന ഈ പാലത്തിന്റെ കൈവരികൾ ഉൾപ്പെടെ തകർന്ന നിലയിലാണ്. അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻപോലും അധികൃതർ തയാറായിട്ടില്ല.
പുഴയെടുക്കുന്നതിന് മുന്പ് പുതിയ വലിയ പാലംവേണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭ ത്തിനൊരുങ്ങുകയാണ് നാട്ടുകാർ. ഇതിന് മുന്നോടിയായി അടുത്ത മാസം ജനകീയ കമ്മിറ്റി വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
1982ലാണ് വണ്ണായിക്കടവിൽ പാലം നിർമിച്ചത്. വണ്ണായിക്കടവ്, പൈസക്കരി, കുന്നത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെമ്പേരി, നെല്ലിക്കുറ്റി, ആലക്കോട്, കുടിയാൻമല തുടങ്ങിയ പ്രദേശങ്ങളി ലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. ബസുകൾ ഒഴികെയുളള ചെറിയ വാഹനങ്ങൾ ഇതുവഴി രാത്രി കടന്നുപോവുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
ഉയരം കുറഞ്ഞ പാലമാണ് ഇവിടെയുള്ളത്. ഈ പാലത്തിൽ ചെറിയ മഴയിൽ പോലും വെള്ളം കയറുന്നതും കൈവരികൾ തകരുന്നതും പതിവാണ്. ഇനി പുതിയ പാലം മാത്രമാണ് നാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിന് ശേഷം പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റും ഇളകിയ അവസ്ഥയിലാണ്.