ചെറുപുഴയിൽ പുകയില വിമുക്ത സ്കൂൾ പദ്ധതി
1567914
Tuesday, June 17, 2025 1:19 AM IST
ചെറുപുഴ: ചെറുപുഴയിലെ വിവിധ കേന്ദ്രങ്ങൾ ലഹരി ഹോട്സ്പോട്ടായി പോലീസും എക്സൈസും കണ്ടെത്തിയ സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചെറുപുഴയിൽ ചേർന്ന പഞ്ചായത്ത്, ആരോഗ്യം, പോലീസ്, എക്സൈസ്, സ്കൂൾ, കോളജ് അധികൃതരുടെ യോഗത്തിൽ തീരുമാനിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ100 മീറ്റർ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തുക,18 വയസിൽ താഴെയുള്ള കുട്ടികൾക്കു പുകയില ഉത്പന്നങ്ങൾ വില്പന നടതുന്നവർ എന്നിവർക്കെ തിരേ കർശന നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. സ്കൂൾ പരിസരത്തെ കടകളിൽ പോലീസ്, എക്സൈസ്, ആരോഗ്യവകുപ്പ് തല സംയുക്ത പരിശോധന നടത്തും. വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തു പുകയില ഉത്പന്നങ്ങൾ ഉപയോഗികുന്നവരെ കണ്ടെത്താനും അധ്യാപകരടങ്ങുന്ന നിരീക്ഷകരുണ്ടാകും.
31 ന് മുൻപായി എല്ലാ വിദ്യാലയങ്ങളും പുകയില വിമുക്തമാക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ചെറുപുഴ പോലീസ് സ്റ്റേഷൻ എസ്ഐ പ്രമോദ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.കെ. വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്,ജൂണിയർ സൂപ്രണ്ട് അനിൽ കുമാർ കരിച്ചേരി എന്നിവർ പ്രസംഗിച്ചു.