ഉളിക്കൽ ടൗണിൽ കെട്ടിടം നിലംപതിച്ചു; ഒഴിവായത് വൻ ദുരന്തം
1567616
Monday, June 16, 2025 1:14 AM IST
ഉളിക്കൽ: കനത്ത മഴയിൽ ഉളിക്കൽ ടൗണിൽ ബസ് സ്റ്റാൻഡിന് സമീപം മലയോര ഹൈവേയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നുവീണു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പലചരക്ക് സ്ഥാപനം മാസങ്ങൾക്ക് മുന്പ് കച്ചവടം ഒഴിവായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.സംഭവത്തേത്തുടർന്ന് മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. ഉളിക്കൽ സ്വദേശിയുടെതാണ് കെട്ടിടം.
ഉളിക്കല്ലിലെ ആദ്യകാല കെട്ടിടങ്ങളിൽ ഒന്നാണിത്. കെട്ടിടത്തിന്റെ പകുതി ഭാഗമാണ് തകർന്നുവീണത്. മഴ തുടരുന്നതുകൊണ്ട് കെട്ടിടത്തിന്റെ ബാക്കി ഭാഗം ഏതുനിമിഷവും നിലം പൊത്താവുന്ന സാഹചര്യമാണ്. ഉളിക്കൽ പോലീസും ഇരിട്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജിയുടെ നേതൃത്വത്തിൽ പഞ്ചായത്തധികൃതർ നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചുമാറ്റി.