മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനപദ്ധതി: അഞ്ചു വീടുകൾ കൈമാറി
1567923
Tuesday, June 17, 2025 1:19 AM IST
ചിറ്റാരിക്കാൽ: ഇല്ലാത്തവനെ സഹായിക്കുമ്പോൾ നമ്മൾ ക്രിസ്തുവിനെ തന്നെയാണ് സഹായിക്കുന്നതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തലശേരി അതിരൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങുടെ ഭാഗമായി മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ആയിരം ഭവനനിർമാണ പദ്ധതിയോടു ചേർന്ന് തലശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി, ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ ഗോക്കടവിൽ പണി തീർത്ത അഞ്ചു വീടുകളുടെ ആശീർവാദവും താക്കോൽദാനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുവിശേഷം അക്ഷരാർത്ഥത്തിൽ പ്രയോഗികതലത്തിൽ എത്തിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ ചടങ്ങ്. നല്ല മനസുകളിൽ നിന്നുണ്ടാകുന്ന സുന്ദരമായ ആശയങ്ങളോടൊപ്പം സുമനസുകളുടെ കൂടിച്ചേരലുകുടിയാകുമ്പോഴാണ് ഇത്തരം പദ്ധതികൾ പുർണ്ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷതവഹിച്ചു. തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവെട്ടം, എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജിക് ഡയറക്ടർ ബെന്നി നിരപ്പേൽ, കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സാബു പുതുശേരിൽ, എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഷിജിത്ത് കുഴിവേലിൽ എന്നിവർ പ്രസംഗിച്ചു. ഭവന നിർമ്മാണത്തിനായി സഹായിച്ച സ്ഥാപനങ്ങളെയും വ്യക്തികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സാജൻ മലേപ്പറമ്പിൽ സൗജ്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് പണിയുന്ന 9 വീടുകളിൽ പണി പൂർത്തിയായ അഞ്ചു വീടുകളാണ് ഇന്നലെ കൈമാറിയത്. 10 സെന്റ് വീതം സ്ഥലത്താണ് ഓരോ വീടുകളും നിർമിച്ചിട്ടുള്ളത്.