കാലാങ്കിയിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു
1567553
Sunday, June 15, 2025 7:51 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ കാലങ്കി ടൂറിസം മേഖലയിൽ പുതുതായി നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം സജീവ് ജോസഫ് എംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29 ലക്ഷം രൂപ ചെലവിലാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്.
കർണാടക വനത്തോട് ചേർന്ന് കിടക്കുന്ന കാലാങ്കി ടൂറിസം മേഖലയിലെത്തുന്ന സഞ്ചാരികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സൗകര്യമെന്ന പ്രീമിയം നിലവാരത്തിലുള്ളതാണ് വിശ്രമകേന്ദ്രം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറി സംവിധാനങ്ങൾ, വിശ്രമ മുറി, ഫീഡിംഗ് ഏരിയ, കഫറ്റീരിയ, ചാരു ബെഞ്ചുകൾ, ഊഞ്ഞാൽ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറപള്ളിപ്പാത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി.ഷാജു, അഷറഫ് പാലശേരി, ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമൻ, വാർഡ് മെംബർ ജോളി ഫിലിപ്പോസ്, സെക്രട്ടറി ഇൻ ചാർജ് പി. മനോജൻ, അസി. എൻജിനിയർ നീതു ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.