വിട പറഞ്ഞത് സംരംഭകനും മാധ്യമപ്രവർത്തകനും
1567043
Saturday, June 14, 2025 1:07 AM IST
ഉളിക്കൽ: അയിരാണിക്കൽ ജോയ്കുട്ടി ഏബ്രഹാം എന്ന എജെ നെറ്റ് ജോയിച്ചേട്ടൻ വിടപറയുന്പോൾ മലയോരത്തിന് നഷ്ടമാകുന്നത് കേബിൾ നെറ്റ്വർക്ക് മാധ്യമത്തെ മലയോരത്തിന് സമ്മാനിച്ച സംരംഭകനും കൂടിയാണ്. മലയോര മേഖലയിൽ കേബിൾ നെറ്റ്വർക്ക് പരിചിതമല്ലാതിരുന്ന കാലത്ത് ഡിഷ് ടിവിയെ പിന്തള്ളി ആലക്കോട് മുതൽ ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കേബിൾ നെറ്റ്വർക്ക് സ്ഥാപിച്ചു. എ.ജെ. നെറ്റ് എന്ന തന്റെ കേബിൾ വാർത്താചാനലിലൂടെ മലയോരത്തിന്റെ എല്ലാ വിശേഷങ്ങളും ജനങ്ങളെ അറിയിക്കുന്നതിനൊപ്പം മലയോരത്തിന്റെ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കണ്ടെത്തുന്നതിലും രണ്ടര പതിറ്റാണ്ട് കാലം സജീവമായി പ്രവർത്തിച്ചു.
ഇരിട്ടി എംജി കോളജ് ഭരണ സമിതിയംഗമായും ഇരിട്ടി താലൂക്ക് പത്രപ്രവർത്തക യൂണിയൻ പ്രസ് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നതിനൊപ്പം ഇരിട്ടി ഗ്രീൻ ലീഫ് ഹോട്ടികൾച്ചറൽ സൊസൈറ്റി , ലയൺസ് ക്ലബ് എന്നിവയിലും സജീവമായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉളിക്കൽ ടൗണിൽ പൊതുദർശനത്തിന് ഭൗതികശരീരത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് അറബി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ സംസ്കാരം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇരിട്ടി താലൂക്ക് പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ സർവകക്ഷി അനുസ്മരണം നടക്കും.
ജോയ്കുട്ടി ഏബ്രഹാമിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎംൽഎ, സജീവ് ജോസഫ് എംഎൽഎ, കെ.കെ.ശൈലജ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ അനുശോചിച്ചു.