നായനാർ മലയിൽ വീണ്ടും ക്വാറി തുടങ്ങാൻ നീക്കം: തടയാൻ പരാതി നൽകി
1566525
Thursday, June 12, 2025 12:41 AM IST
ചെമ്പന്തൊട്ടി: പ്രവർത്തനം നിർത്തിവയ്പ്പിച്ചിരുന്ന ചെമ്പന്തൊട്ടി നായനാർ മലയിലെ കരിങ്കൽ ക്വാറി വീണ്ടും തുടങ്ങാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ വാർഡ് കൗൺസിലർമാരായ എം.വി. ഷീന, കെ.ജെ. ചാക്കോ കൊന്നയ്ക്കൽ എന്നിവർ ശ്രീകണ്ഠപുരം നഗരസഭാധികൃതർക്ക് പരാതി നൽകി.
കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ നായനാർ മലയിലെ മൂളിയാൻ ക്വാറി പ്രവർത്തിക്കുന്നതായി സ്ഥലം സന്ദർശിച്ച തങ്ങൾക്ക് ബോധ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് മാസങ്ങളായി പ്രവർത്തനം നിലച്ചിരുന്ന ക്വാറി നഗരസഭ അറിയാതെ വീണ്ടും പ്രവർത്തിക്കുന്നതിൽ ജനങ്ങൾ ഭയാശങ്കയിലാണ്.ആയതിനാൽ എത്രയും വേഗം സ്റ്റോപ്പ് മെമ്മോ നൽകാൻ നടപടിയുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.
ചെമ്പന്തൊട്ടിയിൽ സംയുക്ത യോഗം ഇന്ന്
ചെമ്പന്തൊട്ടി വികസന സമിതിയുടെയും നായനാർ മല ക്വാറി വിരുദ്ധ സമിതിയുടെയും സംയുക്ത യോഗം ഇന്ന് വൈകുന്നേരം അഞ്ചിന് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ചേരും. ശ്രീകണ്ഠപുരം-നടുവിൽ റോഡ് നവീകരണ പ്രവൃത്തി, സർവീസ് റോഡുകളിലെ പണികളും പള്ളം, കൊക്കായി പാലങ്ങളുടെ നിർമാണം എന്നിവയിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥയും നായനാർ മലയിലെ ക്വാറി വീണ്ടും പ്രവർത്തനം തുടങ്ങാനുള്ള നീക്കം പ്രതിരോധിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.