റാങ്കുകളുടെ പൊൻതിളക്കത്തിൽ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ്
1566508
Thursday, June 12, 2025 12:41 AM IST
ഇരിട്ടി: മലയോര മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഡോൺബോസ്കോ അങ്ങാടിക്കടവിന് റാങ്കുകളുടെ പൊൻതിളക്കം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഈ വർഷം ബിഎസ് സി സൈക്കോളജി, ബിസിഎ, ബിഎസ്ഡബ്ല്യുവിലും ഒന്നാം റാങ്ക് ഡോൺ ബോസ്കോ അങ്ങാടിക്കടവിലെ വിദ്യാർഥികൾക്കാണ്. ടി. ആദിത്യ, സി. നന്ദന സുധീർ, അക്ഷയ് മുരളി എന്നീ വിദ്യാർഥികളാണ് ഒന്നാം റാങ്ക് നേടി മലയോരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ യശസ് ഉയർത്തിയത്.
മലയോര മേഖലയിൽ പൊൻതിളക്കമായി പ്രവർത്തിച്ചുവരുന്ന കോളജ് കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ നാക്ക് അക്രഡിറ്റഡ് അൺഎയ്ഡഡ് കോളജുകളിൽ ഒന്നാണ്. കൂടാതെ ബിഎസ്ഡബ്ല്യുവിൽ കണ്ണൂർ യൂണിവേസിറ്റിയിലെ ആദ്യ അഞ്ചു റാങ്കുകളും ഡോൺബോസ്കോ കോളജിന് തന്നെയാണ്.
പഠനത്തിനൊപ്പം കലാകായിക രംഗങ്ങളിലും കോളജിന്റെ സംഭാവന വളരെ വലുതാണ്. കണ്ണൂർ യൂണിവേസിറ്റിയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്കാരം അഞ്ചുതവണ ഡോൺബോസ്കോ കോളജിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ബി എസ്സി സൈബർ സെക്യൂരിറ്റി, ബിഎസ്സി ഡാറ്റ അനലിറ്റിക്സ് എന്നീ ഏറ്റവും പുതിയ കോഴ്സുകൾ ലഭ്യമായ ഏക കോളജും ഡോൺ ബോസ്കോ അങ്ങാടിക്കടവ് മാത്രമാണ്. കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ തുടങ്ങി വിവിധ വകുപ്പുകളിലെ വിവിധ പിജി, യുജി കോഴ്സുകൾക്കുള്ള അഡ്മിഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.