തലശേരിയിൽ റോഡുകൾ വെള്ളത്തിനിടയിൽ: വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
1567652
Monday, June 16, 2025 1:28 AM IST
തലശേരി: ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ നഗരത്തിലെ തിരക്കേറിയ റോഡുകളെല്ലാം വെള്ളം കയറി. നാരങ്ങാപ്പുറം ബ്രദേഴ്സ് ലൈൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ജൂബിലി റോഡ്, എംഎം റോഡ്, ഗുഡ്സ് ഷെഡ് റോഡിലെ റെയിൽവേ സ്റ്റേഷൻ പരിസരം, കുയ്യാലി, ജൂബിലി റോഡ്, മഞ്ഞോടി കണ്ണിച്ചിറ പുതിയ റോഡ്, ടിസി മുക്ക്, മഞ്ഞോടി, താഴെ വയൽ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലേക്കുളള വഴിയിലെ വെളളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുകയാണ്. നാരങ്ങാപ്പുറത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നത്. ബ്രദേഴ്സ് ലൈൻ മുതൽ പുതിയ ബസ് സ്റ്റാൻഡ് ലാവണ്യ കോംപ്ലക്സ് വരെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് പതിവാണ്. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും കടുത്ത പ്രയാസമാണ് മഴക്കാലങ്ങളിൽ അനുഭവിക്കുന്നത്.
ചിറക്കര എസ്എസ് റോഡ്, മഞ്ഞോടി, കുട്ടിമാക്കൂൽ റോഡ്, പുല്ലമ്പിൽ റോഡ്, കുയ്യാലി, ഇല്ലത്തുതാഴെ, കൊളശേരി, വയലളം, കണ്ണിച്ചിറ റോഡ്, ടെമ്പിൾഗേറ്റ് റോഡ്, ജഗന്നാഥ ക്ഷേത്രം റോഡ്, കണിയേരി വയൽ റോഡ്, ദത്തത്രയ മഠം റോഡ്, കൊമ്മൽ വയൽ റോഡ്, താഴെവയൽ റോഡ്, വാടിക്കൽ റോഡ് എന്നീ പ്രദേശങ്ങളിലും മഴ കനക്കുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാണ്.