മഞ്ചക്കുഴി ബൈപാസ് നിർമാണ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു
1567617
Monday, June 16, 2025 1:14 AM IST
തളിപ്പറമ്പ്: കനത്ത മഴയെ തുടർന്ന് ബൈപാസ് നിർമാണം നടക്കുന്ന മഞ്ചക്കുഴി ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. ഇതേ തുടർന്ന പട്ടുവം റോഡിൽ ചിറവക്ക്-പുളിന്പറന്പ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
ബൈപാസ് നിർമാണം നടക്കുന്നതിനടുത്ത് നിർമിച്ച താത്കാലികപാതയുടെ ഒരു ഭാഗത്തെ മണ്ണാണ് ഇടിയുന്നത്. കഴിഞ്ഞ മേയിലുണ്ടായ മഴയിലും ഇവിടെ രൂക്ഷമായ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേ തുടർന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മണ്ണിടിയുന്നതിന്റെ എതിർവശത്ത് വീതി കൂട്ടി സുരക്ഷയൊരുക്കി റോഡ് നിർമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നാലു മുതലാണ് ഇതിലൂടെ പൂർണതോതിൽ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്.
നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്ഥലത്താണ് ഇന്നലെ വൈകുന്നേരം വീണ്ടും മണ്ണിടിഞ്ഞു വീണത്. ഇതോടെ തളിപ്പറന്പ് തഹസിൽദാർ പോലീസിനോട് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കാൻ നിർദേശം നൽകുകയായിരുന്നു.